Connect with us

Editors Pick

യാചനയോടെ വൃദ്ധ പിതാവ്; 'എന്റെ മകനെ ഞാന്‍ രക്ഷിച്ചോട്ടെ..'

Published

|

Last Updated

ഭംഗ്നമാരി (അസാം): ഖനിക്കുള്ളില്‍ കിടക്കുന്ന മകന് വേണ്ടി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ തയ്യാറാണെന്ന് വൃദ്ധനായ പിതാവ്. 30 വര്‍ഷത്തോളം ഖനി തൊഴിലാളിയായി പ്രവര്‍ത്തിച്ച തനിക്ക് ഇപ്പോഴും ഖനിക്കുള്ളിലേക്ക് ഇറങ്ങാന്‍ സാധിക്കുമെന്നും എന്തുവിലകൊടുത്തും മകനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അസാമിലെ ഭംഗ്നമാരി സ്വദേശി സോലിബാര്‍ റഹ്മാനാണ് രംഗത്തെത്തിയിരിക്കുന്നത്. ഖനിയിലിറങ്ങാന്‍ തനിക്ക് അവസരം നല്‍കണമെന്നാണ് സര്‍ക്കാറിനോടും രക്ഷാപ്രവര്‍ത്തകരോടുമുള്ള ഇദ്ദേഹത്തിന്റെ ആവശ്യം. രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അലംഭാവം കാണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേരില്‍ റഹ്മാന്റെ 19കാരനായ മകന്‍ മുനീറുല്‍ ഇസ്‌ലാമും ഉള്‍പ്പെട്ടിട്ടുണ്ട്. മേഘാലയിലെ ഖനിക്കുള്ളില്‍ 1983നും 2012നും ഇടയില്‍ തൊഴിലാളിയായി പ്രവര്‍ത്തിച്ചയാളാണ് റഹ്മാന്‍. മകനെ കണ്ടെത്താന്‍ മേഘാലയ സര്‍ക്കാര്‍ തനിക്കൊരു അവസരം നല്‍കണമെന്ന് അദ്ദേഹം അപേക്ഷിച്ചു.

രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ വൈകിയിട്ടുണ്ടെന്നും ഖനിയിലെ വെള്ളം വറ്റിക്കാന്‍ ശക്തിയേറിയ പമ്പുകള്‍ ഉപയോഗിക്കാതെ സാധാരണ പമ്പുകള്‍ ഉപയോഗിച്ചത് ശരിയായില്ലെന്നും അദ്ദേഹം ആരോപിച്ചു. “ഞാന്‍ വലിയ പഠിപ്പുള്ള ആളൊന്നുമല്ല. എങ്കിലും ഖനിക്കുള്ളില്‍ നിന്ന് വെള്ളം പുറത്തെത്തിക്കാന്‍ ഇത്രയും ചെറിയ പമ്പുകള്‍ ഉപയോഗിച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാം. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും.” അദ്ദേഹം പറഞ്ഞു.