സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ?; തന്ത്രിക്കെതിരെ മന്ത്രി ജി സുധാകരന്‍

Posted on: January 5, 2019 10:40 am | Last updated: January 5, 2019 at 12:45 pm

തിരുവനന്തപുരം: ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ഒരു സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോയെന്ന് മന്ത്രി ചോദിച്ചു. തന്ത്രി ബ്രാഹ്മണന്‍ അല്ല ബ്രാഹ്മണ രാക്ഷസനാണെന്നും ശബരിമല നട പൂട്ടിപോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്നും മന്ത്രി ചോദിച്ചു.

തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെയും തന്ത്രിക്കെതിരെ ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ശബരിമലയില്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി പറഞ്ഞു. ശ്രീലങ്കന്‍ യുവതി കയറിയെന്ന് ദേവസ്വം ബോര്‍ഡോ പോലീസോ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്നും തന്ത്രി പറഞ്ഞു.