Connect with us

Kerala

ചെന്നിത്തല പ്രവര്‍ത്തിക്കുന്നത് എന്‍ എസ് എസ് ഡെപ്യൂട്ടി സെക്രട്ടറിയെ പോലെ: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചുവരുന്ന നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍ എസ് എസിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെ പോലെയാണ് ചെന്നിത്തല പ്രസ്താവനകള്‍ നടത്തുന്നത്. ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുന്ന കെ പി സി സി നേതൃത്വത്തെ തിരുത്താന്‍ കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കോടിയേരി ആവശ്യപ്പെട്ടു.

ചെന്നിത്തല പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും വിധേയനായി പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരെയും സി പി എമ്മുകാരെയും മര്‍ദിക്കുന്ന സമീപനമാണ് സംഘ്പരിവാര്‍ സ്വീകരിച്ചത്. ഇത് ആസൂത്രിതമാണ്. സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ സി പി എമ്മിനെ ആക്രമിക്കണമെന്ന് അവര്‍ക്കു ധാരണയുണ്ട്. കേരളത്തിലെ മാധ്യമ ലോകം നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും സംഘ്പരിവാര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഭയപ്പാടുണ്ടാക്കി സ്വന്തം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ആര്‍ എസ് എസ് എന്തു പ്രകോപനം സൃഷ്ടിച്ചാലും സി പി എം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം.

മുഖ്യമന്ത്രിയെ ജാതീയമായി ആക്ഷേപിച്ചതിനെ അപലപിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. തകര്‍ന്നടിഞ്ഞ ജാതീയതയെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുന്നവര്‍ക്കു കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണ്.രണ്ടാം വിമോചന സമരത്തിനു കോപ്പു കൂട്ടുന്ന ബി ജെ പിയുടെ സഹായികളായി കോണ്‍ഗ്രസ് മാറരുത്. രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Latest