Connect with us

Ongoing News

ഒറ്റക്കാകില്ല, ഒപ്പമുണ്ട് ശ്രീധരേട്ടന്‍

Published

|

Last Updated

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള മരുതേരി എന്ന ഗ്രാമത്തില്‍ തൂപ്പറ വീടിന് മുമ്പില്‍ പുലര്‍ച്ചെ തന്നെ ആളുകളെത്തും. ഏതെങ്കിലും അസുഖം ബാധിച്ചവരോ, അവരുടെ ബന്ധുക്കളോ ആകും അത്. അവരോട് അസുഖത്തെ കുറിച്ച് ഗൃഹനാഥന്‍ ശ്രീധരന്‍ ചോദിച്ചറിയും. നിലവിലെ ചികിത്സാ വിവരങ്ങളും പരിശോധനാ ഫലമുണ്ടെങ്കില്‍ അവയെക്കുറിച്ചും ആരായും. തുടര്‍ന്ന് ഇനി എവിടെ ചികിത്സിക്കണമെന്ന് രോഗികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. അതിനായി, വേണമെങ്കില്‍ അവര്‍ക്കൊപ്പം പോകും. ചിലപ്പോള്‍ വേഷം പോലും മാറാന്‍ സമയമുണ്ടാകില്ല. ശ്രീധരേട്ടന്‍ ഡോക്ടറോ നഴ്‌സോ ആരോഗ്യപ്രവര്‍ത്തകനോ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. പക്ഷേ, ജീവിതത്തില്‍ ഏറെ കാലവും അദ്ദേഹത്തിന്റെ യാത്ര ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കായിരുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പമായിരുന്നു…
മരുതേരിയിലേയും സമീപ പ്രദേശങ്ങളിലേയും രോഗികളെ വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്തിയിരുന്ന പാലം എന്ന് ഈ നാട്ടിന്‍പുറത്തുകാരനെ വിശേഷിപ്പിക്കാം. തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍ സി സി), ശ്രീചിത്ര, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ ആശുപത്രികളില്‍ മാത്രമല്ല, കേരളത്തിന് പുറത്തുള്ള വെല്ലൂര്‍, മണിപ്പാല്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം ശ്രീധരേട്ടന്‍ എത്തി.
കൃത്യമായ കണക്കൊന്നുമില്ലെങ്കിലും അഞ്ഞൂറിലധികം രോഗികളെ ഇദ്ദേഹം വിവിധ ഡോക്ടര്‍മാരുടെയടുത്തും ആശുപത്രികളിലും എത്തിച്ച് ചികിത്സക്കുള്ള സൗകര്യമൊരുക്കി നല്‍കിയിട്ടുണ്ട്. പലരേയും പല തവണ ചികിത്സക്കായി കൊണ്ടുപോയിട്ടുണ്ട്. കീമോ തെറാപ്പിക്കും മറ്റുമായി ദൂരസ്ഥലങ്ങളിലുള്ള ആശുപത്രികളില്‍ ദിവസങ്ങളോളം രോഗികള്‍ക്കൊപ്പം ചെലവഴിക്കും. എന്നാല്‍, രോഗികളില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ യാതൊരു പ്രതിഫലവും വാങ്ങാറില്ല എന്നതാണ് നാട്ടുകാര്‍ ടി എസ് എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ശ്രീധരന്റെ മഹത്വം വര്‍ധിപ്പിക്കുന്നത്. അവരുടെ നല്ല മനസ്സ് എപ്പോഴും തനിക്കൊപ്പമുണ്ടാകില്ലേ എന്നാണ് അതേക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്രീധരേട്ടന്റെ മറുചോദ്യം. “എനിക്കാവുന്ന കാര്യങ്ങള്‍, പറ്റുന്ന സഹായങ്ങള്‍ ഞാന്‍ ചെയ്യുന്നു. ഞാന്‍ കാരണം, എന്റെ സഹായത്താല്‍ അസുഖം ഭേദമായവര്‍ സുഖജീവിതം നയിക്കുന്നത് കാണുമ്പോഴുള്ള സംതൃപ്തി. അതാണ് പ്രധാനം.”
ഓങ്കോളജി, ഓര്‍ത്തോ, ഗൈനക്കോളജി, യൂറോളജി, കാര്‍ഡിയോളജി, സര്‍ജറി, ഗ്യാസ്‌ട്രോഎന്റോളജി, നേത്ര രോഗം തുടങ്ങിയ വിഭാഗങ്ങളിലാണ് ചികിത്സക്കായി ശ്രീധരേട്ടന്‍ വഴികാട്ടിയാകുന്നത്. പരിചയമായതോടെ പല ആശുപത്രികളിലും അകത്ത് കടക്കാനുള്ള പാസ് പോലും ശ്രീധരേട്ടനോട് സുരക്ഷാ ജീവനക്കാര്‍ ചോദിക്കാറില്ല. ഇംഗ്ലീഷ് പരിജ്ഞാനമുള്ളതിനാല്‍ അന്യസംസ്ഥാനത്തുള്ള ഡോക്ടര്‍മാരുമായി ഇടപഴകാന്‍, രോഗിയെക്കുറിച്ച്, രോഗത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരു പ്രയാസവും നേരിടാറില്ല. ഒരു ഫാര്‍മസിസ്‌റ്റെന്ന കണക്കെ ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ കൃത്യമായി വായിച്ച് മനസ്സിലാക്കി അതിന്റെ കാര്യങ്ങള്‍ രോഗിക്ക് അതേ പടി പകര്‍ന്ന് നല്‍കാനും ശ്രീധരേട്ടന് പ്രത്യേക മിടുക്കാണ്…
ടി എസ് എന്ന
മെഡിക്കല്‍ ഡയറക്ടറി
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലെ പ്രധാന ഒ പി ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ മനഃപാഠമാണ് ശ്രീധരേട്ടന്. ഡോക്ടര്‍മാരെ ബന്ധപ്പെടേണ്ട നമ്പര്‍, അവരുടെ പരിശോധനാ സമയം തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ ഡയറി തുറന്ന് നോക്കേണ്ടതില്ല. ഉദ്യോഗസ്ഥര്‍, പ്രവാസികള്‍, സാധാരണക്കാര്‍… ശ്രീധരന്റെ സഹായഹസ്തം ലഭിച്ചവരുടെ ലിസ്റ്റ് ഏറെ നീണ്ടതാണ്. പ്രത്യേകിച്ച് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ശ്രീധരേട്ടന്‍. മാതാപിതാക്കള്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടായാല്‍ ശ്രീധരേട്ടന്‍ അവിടെയുണ്ടാകും എന്നതാണ്, ജീവിതം കരുപിടിപ്പിക്കുന്നതിന് ആധിയോടെ അന്യനാട്ടില്‍ കഷ്ടപ്പെടുന്ന പ്രവാസികളുടെ ആശ്വാസം. പ്രതിസന്ധി വേളയില്‍ ശ്രീധരേട്ടന്റെ സാമീപ്യം അവര്‍ക്ക് നല്‍കുന്ന കരുത്ത് ചെറുതല്ല. ചില പ്രവാസികള്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചിലപ്പോള്‍ നാട്ടിലെത്തിയാണ് ചെയ്യുന്നത്. അപ്പോഴും അവര്‍ക്ക് ആശ്രയം ശ്രീധരേട്ടന്‍ തന്നെ. പലതവണ കണ്ട് പരിചയിച്ചതോടെ മുതിര്‍ന്ന ഡോക്ടര്‍മാരുമായടക്കം വ്യക്തിബന്ധം പുലര്‍ത്തുന്നു ഇദ്ദേഹം.
ശ്രീധരേട്ടന്റെ സേവനങ്ങള്‍ക്ക് പുരസ്‌കാരങ്ങളോ വലിയ ആദരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. അതിന് അദ്ദേഹം ശ്രമിച്ചിട്ടുമില്ല. ആദരിക്കാനും അവാര്‍ഡ് നല്‍കാനും മറ്റും ചിലര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും സ്‌നേഹപൂര്‍വം അതെല്ലാം നിരസിക്കുകയായിരുന്നു. 2004ല്‍ ഊടുവഴിയിലെ രാജീവ്‌രത്‌ന സാംസ്‌കാരിക നിലയം തന്നെ ആദരിച്ചത് ഓര്‍ക്കുന്നു ഇദ്ദേഹം.
വഴിത്തിരിവായത്….
സുഹൃത്തായ ഡോ. ടി യൂസുഫുമായുള്ള ബന്ധമാണ് ശ്രീധരേട്ടന്റെ ആരോഗ്യമേഖലയിലെ താത്പര്യത്തിന് ഹേതുവായത്. യൂസുഫ് കോഴിക്കോട് മെഡക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ പരിചയപ്പെടാനും അവരോട് ഇടപഴകാനും അവസരം ലഭിച്ചത് ആരോഗ്യമേഖലയോടുള്ള ഇഷ്ടം വര്‍ധിപ്പിച്ചു. ഉറ്റ സുഹൃത്ത് തൂപ്പറ ഇബ്‌റാഹീമിന്റെ ചികിത്സക്കായി ആശുപത്രിയില്‍ പോയിത്തുടങ്ങി ഈ മേഖലയില്‍ സ്ഥിരം സാന്നിധ്യമായി. പത്താം ക്ലാസുവരെയാണ് വിദ്യാഭ്യാസം. തുടര്‍ന്ന് പല കോഴ്‌സുകള്‍ക്കും ശ്രമിച്ചെങ്കിലും ക്ലിക്കായില്ല. എഴുതിയ ആദ്യ പരീക്ഷയില്‍ തന്നെ പി എസ് സിയുടെ റാങ്ക് ലിസ്റ്റില്‍ വന്നു. എന്നാല്‍, ലിസ്റ്റ് റദ്ദായത് തിരിച്ചടിയായി. പിന്നീട്, ഏറെക്കാലം ടൈലറായി ജോലി ചെയ്തു. മികച്ച വോളിബോള്‍ താരം കൂടിയായിരുന്ന ശ്രീധരേട്ടന്‍ പരിശീലകനായും തിളങ്ങി. ഒരു കാലത്ത് പ്രമുഖ ടീമായിരുന്ന കായണ്ണയിലെ കെ ആര്‍ സി പത്ത് വര്‍ഷത്തോളം കളത്തിലിറങ്ങിയത് ശ്രീധരേട്ടന്റെ ശിക്ഷണത്തിലായിരുന്നു. ടീമിന് നിരവധി ട്രോഫികള്‍ നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി.
ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഈ മേഖലയില്‍ അത്ര സജീവമല്ല, കുറച്ചുനാളുകളായി ഇദ്ദേഹം. രക്തസമ്മര്‍ദവും ഷുഗറും അലട്ടുന്നു. താന്‍ മുമ്പ് സഹായം നല്‍കിയ എല്ലാവരും ആരോഗ്യ വിവരങ്ങള്‍ നേരിട്ടെത്തിയും അല്ലാതെയും തിരക്കാറുണ്ടെന്ന് ശ്രീധരേട്ടന്‍ പറയുന്നു. സാമ്പത്തികമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങള്‍ക്കും വിളിക്കാന്‍ അവര്‍ പറയും. പക്ഷേ, അത് സ്വീകരിക്കാന്‍ ശ്രീധരേട്ടന് മടിയാണ്. അങ്കണ്‍വാടി ടീച്ചറായ ഭാര്യ ജാനകിയുടെ പിന്തുണ ശ്രീധരേട്ടന്റെ ഊര്‍ജമാണ്.
ഒരിക്കലും മറക്കാന്‍ കഴിയാത്തവയാണ് ശ്രീധരേട്ടന്‍ ചെയ്ത സഹായങ്ങളെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. ഇങ്ങനെയൊരാള്‍ തുണക്കെത്തുന്നത് ഞങ്ങള്‍ക്ക് നല്‍കിയ ആശ്വാസം വലുതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കവേ ശ്രീധരേട്ടന് ഒരു കോള്‍. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീധരേട്ടന്‍ പറഞ്ഞു. “ഒരു രോഗി വിളിച്ചതാണ്, നാളെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിലെ ഡോക്ടറെ കാണിക്കാന്‍ വേണ്ടി”.

Latest