ആദ്യം റഫാല്‍ പരീക്ഷയെഴുതൂ, എന്നിട്ടു ക്ലാസെടുക്കാന്‍ പോകാം; മോദിയെ വീണ്ടും കടന്നാക്രമിച്ച് രാഹുല്‍

Posted on: January 3, 2019 5:03 pm | Last updated: January 3, 2019 at 7:47 pm

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ പ്രധാന മന്ത്രി മോദിക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ജെറ്റ് ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാനാകാതെ പാര്‍ലിമെന്റില്‍ നിന്ന് ഒളിച്ചോടുകയാണ് പ്രധാന മന്ത്രിയെന്ന് രാഹുല്‍ പറഞ്ഞു.

റഫാല്‍ പരീക്ഷയെഴുതാന്‍ കൂട്ടാക്കാതെ പഞ്ചാബിലെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ് മോദി. ഇന്നലെ ഞാന്‍ ചോദിച്ച നാലു ചോദ്യങ്ങള്‍ക്ക് ദയവായി ഉത്തരം നല്‍കാന്‍ അദ്ദേഹത്തോട് ആദരവോടെ അഭ്യര്‍ഥിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വ്യോമസേനക്കു ആവശ്യമായ 126 യുദ്ധവിമാനങ്ങള്‍ക്കു പകരം എന്തുകൊണ്ട് 36 എണ്ണം വാങ്ങി, 560 കോടിയുടെ സ്ഥാനത്ത് 1600 കോടി നല്‍കിയത് എന്തിനാണ്, എച്ച് എ എല്ലിനു പകരം എന്തിനായിരുന്നു അനില്‍ അംബാനി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ റഫാല്‍ ഫയലുകള്‍ സ്വന്തം കിടപ്പുമുറിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്നീ ചോദ്യങ്ങളാണ് രാഹുല്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ചിരുന്നത്. റഫാല്‍ ഇടപാടു സംബന്ധിച്ച് സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി (ജെ പി സി) അന്വേഷിക്കണമെന്നും ജെ പി സി അന്വേഷണത്തിലൂടെ എല്ലാം വെളിച്ചത്തു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.