ദുബൈക്ക് 5,680 കോടി ദിര്‍ഹമിന്റെ ബജറ്റ്: വേള്‍ഡ് എക്‌സ്‌പോ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

Posted on: January 2, 2019 7:58 pm | Last updated: January 2, 2019 at 7:58 pm

ദുബൈ: ദുബൈയില്‍ 2019 ലേക്ക് 5,680 കോടി ദിര്‍ഹമിന്റെ ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 5,100 കോടി ദിര്‍ഹമാണ് ഈ വര്‍ഷം വരുമാനം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 1.2 ശതമാനം വര്‍ധനവുണ്ടാകും. ഈ വര്‍ഷം ബജറ്റിന്റെ 47 ശതമാനം പൊതു ഭരണത്തിനും ഗ്രാന്റുകള്‍ക്കും സബ്‌സിഡികള്‍ക്കും നീക്കിവെച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കൂടുതലാണിത്. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മാണം എന്നിവക്ക് 33 ശതമാനം നീക്കിവെച്ചു.

സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം 85 കോടി ദിര്‍ഹം ലാഭമുണ്ടാക്കിയതായി ബജറ്റ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷവും ഇത് തുടരും. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിന് തുക കൂടുതല്‍ വേണ്ടിവരും. വേള്‍ഡ് എക്‌സ്‌പോ 2020ക്ക് വേണ്ടിയാണിതെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. 2019ല്‍ ദുബൈയില്‍ 2498 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ശൈഖ് മുഹമ്മദിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.