ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; മുഖ്യ പ്രതിയെ ഐ ജിയാക്കി

Posted on: January 2, 2019 12:02 pm | Last updated: January 2, 2019 at 12:02 pm

അഹമ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസിലെ മുഖ്യപ്രതിക്ക് ഐ ജിയായി സ്ഥാനക്കയറ്റം. ഗുജറാത്ത് സര്‍ക്കാറാണ് വിവാദ നടപടിയുമായി രംഗത്തെത്തിയത്. ഐ പി എസ് ഓഫീസര്‍ ജി എല്‍ സിംഗാളിനാണ് സ്ഥാനക്കയറ്റം ലഭിച്ചത്. 2004ലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യ പ്രതിയായി കണ്ടെത്തി സി ബി ഐ 2013ല്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടിയ സിംഗാളിനെ പോലീസ് മേധാവിയായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

ഇശ്‌റത്ത് ജഹാന്‍ കേസില്‍ മുഖ്യകുറ്റവാളിയെന്ന് കണ്ടെത്തി 2013 ല്‍ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. നിശ്ചിത സമയത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലായിരുന്നു ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. പിന്നീട് 2014ല്‍ തന്നെ സിംഗാളിനെ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഡി ഐ ജി ആയി പ്രമോഷനോടെ സര്‍വീസില്‍ എടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് സംസ്ഥാന പോലീസ് സേനയുടെ തലവനാക്കുന്നത്.
2001 ബാച്ചിലെ അഞ്ച് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സിംഗാളിനെ ഐ ജിയായി ചുമതലപ്പെടുത്തിയത്.

267 ശബ്ദ റെക്കോഡുകളുള്ള പെന്‍ ഡ്രൈവ് അടക്കം നിര്‍ണായക തെളിവുകളാണ് ഇദ്ദേഹത്തില്‍ നിന്ന് സി ബി ഐ പിടിച്ചെടുത്തത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ ഉത്തരവ് അനുസരിച്ചാണ് ഇശ്‌റത്ത് ജഹാനെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ വെച്ചതെന്ന് ഈ ഓഡിയോ സന്ദേശത്തില്‍ ഉണ്ടായിരുന്നു.
അതേസമയം, മറ്റൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായ സുഹ്‌റാബുദ്ദിന്‍ കേസിലെ പ്രതിയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ഐ പി എസ് ഓഫീസറായ വിപുല്‍ അഗര്‍വാളിനും ഐ ജി ആയി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.