വനിതാ മതിലില്‍ പങ്കെടുത്തു മടങ്ങിയവരുടെ ബസിനു നേരെ ആക്രമണം ; രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരുക്ക്

Posted on: January 1, 2019 11:36 pm | Last updated: January 2, 2019 at 9:27 am

കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സ്ത്രീകള്‍ സഞ്ചരിച്ച ബസ്സിനു നേരെ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്കു പരുക്കേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ രണ്ട് പേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് സീതാംഗോളിക്കടുത്ത് കുതിരപ്പാടിയില്‍ ബസിന് നേരെ കല്ലേറുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കന്തലിലെ ഇസ്മയിലിന്റെ ഭാര്യ അവ്വാബി (35), പുത്തിഗെയിലെ സരസ്വതി എന്നിവരെ മംഗളൂരുവിലും പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പിഎം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടില്‍ വനിതാമതില്‍ പരിപാടിക്കിടെ കല്ലേറുണ്ടായിരുന്നു. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം