ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഇളവുകള്‍

Posted on: January 1, 2019 7:49 pm | Last updated: January 1, 2019 at 7:49 pm

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ഫാന്‍സി വാഹന നമ്പറുകള്‍ക്ക് പ്രത്യേക നിരക്കിളവ് ഏര്‍പെടുത്തുന്നു. മൂന്നക്ക നമ്പറുകള്‍ക്ക് 179,999 ദിര്‍ഹമിന് താഴെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
വ്യത്യസ്തവും പുതുമയാര്‍ന്നതുമായ നമ്പറുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നതിലൂടെ സംതൃപ്തിയും സന്തോഷവും പ്രദാനം ചെയ്യാന്‍ കഴിയുന്നതൊപ്പം നമ്പറുകള്‍ക്ക് മികച്ച രീതിയിലുള്ള വിലക്കിഴിവ് ഒരുക്കുന്നതോടെ കൂടുതല്‍ ജനപ്രിയമാക്കാന്‍ കഴിയും. ഉപഭോക്താക്കളുടെ സന്തുഷ്ടി വര്‍ധിപ്പിക്കുന്നതിന് ഉന്നതമായ സേവനങ്ങള്‍ ഒരുക്കുക എന്ന ആര്‍ ടി എയുടെ ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ആര്‍ ടി എക്ക് കീഴിലെ ലൈസന്‍സിംഗ് ഏജന്‍സി വിഭാഗം ഡയറക്ടര്‍ ജമാല്‍ അസ്സാദ പറഞ്ഞു.

ടി 738, ജെ 945, പി 682 തുടങ്ങിയ ഫാന്‍സി നമ്പറുകള്‍ ഇപ്പോള്‍ ഓഫറിലുണ്ട്. കൂടുതല്‍ മൂന്നക്ക നമ്പറുകളും ഉപഭോക്താക്കളുടെ താല്പര്യ പ്രകാരം ഓഫറില്‍ ലഭ്യമാണ്. ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ടി എയുടെ വെബ് സൈറ്റ്, ഉപഭോക്തൃ സന്തുഷ്ടി കേന്ദ്രങ്ങള്‍, മറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച നമ്പറുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.