Connect with us

Socialist

മതനിരപേക്ഷതയുടെ സംഗമമായിരിക്കും വനിതാ മതില്‍; ആരെയും ആരും ഭീഷണിപ്പെടുത്തില്ല. സ്വയം ബോധ്യപ്പെട്ടവര്‍ മാത്രം പങ്കാളികളായാല്‍ മതി

Published

|

Last Updated

നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാളെ പുതുവര്‍ഷദിനത്തില്‍ കേരളമാകെ തീര്‍ക്കുന്ന വനിതാമതില്‍ മതനിരപേക്ഷതയുടെ സംഗമമായിരിക്കും.

വനിതാമതിലെ എതിര്‍ക്കുന്നത് യാഥാസ്ഥിതികശക്തികളാണ്. എല്ലാ കാലത്തും പുരോഗമചിന്തകള്‍ക്കെതിരെ അവര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്, യാഥാസ്ഥിതിക ശക്തികള്‍ക്കൊപ്പമായിക്കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അങ്ങനെയല്ല. ഇന്ന് ആര്‍എസ്എസിന്റെ ബി ടീമായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.

അന്‍പത് ലക്ഷത്തോളം പേര്‍ വനിതാമതിലില്‍ പങ്കെടുക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോദിവസം കഴിയുംതോറും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഓരോ കിലോമീറ്റര്‍ ദൂരത്തിലും വനിതാമതിലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 620 പ്രവര്‍ത്തകരുണ്ടാകും. ഇതിന് സഹായമേകാന്‍ സംഘാടകസമിതിയുടെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും കര്‍മനിരതരായി രംഗത്തുണ്ടാകും.

രാജ്യത്ത് തന്നെ ആദ്യമായാണ് സ്ത്രീകള്‍ മാത്രമായി ഇത്തരമൊരു മതില്‍ തീര്‍ക്കുന്നത്. പ്രധാനമായും മൂന്ന് മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നത്. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പ് വരുത്തുക, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലഎന്നിവയാണിത്. ഈ മുദ്രാവാക്യങ്ങളോട് യോോജിപ്പുള്ള സംഘടനകളും വ്യക്തികളും വനിതാമതിലിനൊപ്പമുണ്ട്.

സ്ത്രീപുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയായിരുന്നു ശബരിമല വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്. പൊതുവെ പുരോഗമനചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, സ്ത്രീകള്‍ ഇതിനെതിരാണെന്ന് കാണിക്കാന്‍ യാഥാസ്ഥിതിക ശക്തികള്‍ കുറച്ച് സ്ത്രീകളെ തെരുവിലിറക്കി. ഇത്തരമൊരു ഘട്ടത്തിലാണ് ഇതിനെതിരെ സ്ത്രീകളെ തന്നെ അണിനിരത്തണമെന്ന ചിന്ത പല സംഘടനകളില്‍ നിന്നും ഉയര്‍ന്നത്. അത് ഏകീകൃതമായി ഉയര്‍ന്നുവന്നപ്പോഴാണ് വനിതാമതിലെന്ന ആശയത്തിലെത്തുന്നത്. സര്‍ക്കാര്‍ അതിന് പിന്തുണയും നല്‍കി.

എല്ലാ മതവിഭാഗങ്ങളിലും നവോത്ഥാന പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ട്. ഹിന്ദുവിഭാഗങ്ങളിലേതുപോലെയല്ല മതന്യൂനപക്ഷങ്ങളിലുണ്ടായ നവോത്ഥാനം. എല്ലാ വിഭാഗങ്ങളിലെയും നവോത്ഥാനം ചേര്‍ന്നതാണ് കേരളീയ നവോത്ഥാനം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഉയര്‍ച്ചയല്ല അത്.

സ്ത്രീപദവി ഉയര്‍ത്താതെ നവോത്ഥാനം പൂര്‍ത്തിയാകില്ല. സ്ത്രീസംവരണബില്‍ പാസാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയ്യാറാകുന്നില്ല. രാജ്യത്ത് ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കിയത് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയാണ്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ബംഗാളിലും ത്രിപുരയിലും അത് നടപ്പിലാക്കി. ഇത്തരം തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയ്യാറാകുന്നില്ല.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല ഉന്നയിക്കേണ്ടത്. വനിതാമതിലിന് സമാന്തരമായി ചിലയിടങ്ങളില്‍ പുരുഷന്മാരുടെ മതിലും ഉണ്ടാകും. സ്ത്രീപുരുഷ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടം മതില്‍ തീര്‍ത്തുകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല. അതിന് തുടര്‍ച്ചയായ പോരാട്ടം ആവശ്യമാണ്.

വനിതാമതില്‍ പങ്കെടുക്കാന്‍ ആരെയും ആരും ഭീഷണിപ്പെടുത്തില്ല. സ്വയം ബോധ്യപ്പെട്ടവര്‍ മാത്രം പങ്കാളികളായാല്‍ മതി.