Connect with us

National

അണ്ണാ ഡിഎംകെയുടെ പ്രതിഷേധം ; മുത്വലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ബഹളത്തെത്തുടര്‍ന്ന് മുത്വലാഖ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ചക്കെടുക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ബില്ല് ചര്‍ച്ചക്കെടുക്കുന്നതിനിടെ അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. ഇതോടെ ബില്ല് ചര്‍ച്ചക്കെടുക്കാനാകില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവാന്‍ഷ് നാരായണ്‍ സിംഗ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഭ ബുധനാഴ്ചയിലേക്ക് പിരിഞ്ഞു.

മുത്വലാഖ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ബില്ല് പാസാക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ആവശ്യമെന്ന് സര്‍ക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് സഭ 15 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവെച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോഴാണ് സഭ ബുധനാഴ്ചയിലേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചത്. ബില്ലിനെതിരെ 117 അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനും തീരുമാനിച്ചിരുന്നു. ലോക്‌സഭയില്‍ ചര്‍ച്ച ബഹിഷ്‌കരിച്ചെങ്കിലും രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെനവ്‌ന് പികെ കുഞ്ഞാലിക്കുട്ടി സഭയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. അതേ സമയം രാജ്യ സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. തുടര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനും ശ്രമമുണ്ട്. ചില പാര്‍ട്ടികളെ ഉപയോഗിച്ച് സഭയില്‍ ബഹളമുണ്ടാക്കി ചര്‍ച്ച മാറ്റിവെക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സഭയിലെ ബഹളത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനില്ലെന്നും അണ്ണാ ഡിഎംകെയുടെ പ്രതിഷേധം സര്‍ക്കാര്‍ പിന്തുണയോടെയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.