Connect with us

Ongoing News

കേരളീയ മുസ്ലിം പാരമ്പര്യം ചര്‍ച്ച ചെയ്ത് നവോത്ഥാന സമ്മേളനം

Published

|

Last Updated

മലപ്പുറം: കേരളീയ മുസ്ലിം പാരമ്പര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഇഴകീറി ചര്‍ച്ച ചെയ്ത് നവോത്ഥാന സമ്മേളനത്തിന് സമാപനം. മതകീയ സമൂഹിക വൈജ്ഞാനിക മേഖലകളില്‍ കേരളത്തിലെ മുസ്്‌ലിംകള്‍ ആര്‍ജിച്ചെടുത്ത കരുത്തും മുന്നേറ്റവും സമ്മളനത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെട്ടു. ഇല്ലായ്മയില്‍ നിന്നും സുന്നി പ്രസ്ഥാനം നിര്‍മിച്ചെടുത്ത നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയ സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗം വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

കേരളീയ മുസ്ലിം സമൂഹം ധിഷണാപരമായി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കി ചരിത്രപരമായ കൈമാറ്റങ്ങളിലൂടെ പുതിയൊരു നാഗരികത സാധിപ്പിച്ചെടുത്തിരിക്കുന്നു. ഈ മേഖലയില്‍ സുന്നി കൈരളിക്ക് ശക്തി കൈവന്നതിന്റെ പ്രധാന ഉറവിടവും വളര്‍ച്ചാമേഖലയും സമസ്ത കേരള ജംഇയത്തുല്‍ ഉലമയും പോഷക ഘടകങ്ങളുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സമൂഹത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തെ അടിസ്ഥാനമാക്കി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സംസാരിച്ചു. മുസ്ലിം സമൂഹം അതിശീഘ്രമായ വളര്‍ച്ചയിലൂടെ മികച്ചൊരു വൈജ്ഞാനിക മുന്നേറ്റമാണ് സാധ്യമാക്കിയിരിക്കുന്നത്. ഇതിന്റെ സഞ്ചാര വഴിയിലെ മികച്ച ഉദാഹരണമാണ് സുന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളുമെന്ന് അദ്ദേഹം കൂട്ടിച്ചോര്‍ത്തു.

കേരളം നേരിട്ട പ്രളയത്തില്‍ എറണാംകുളം ജില്ലയില്‍ ആശ്വാസമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി എ ഹൈദ്രോസ് ഹാജിയേയും ബഷീര്‍ മാസ്റ്റര്‍ അരിമ്പ്രയേയും ചടങ്ങില്‍ ആദരിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സിറാജുല്‍ ഉലമാ ഹൈദ്രൂസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി, ഡോ. കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം പ്രസംഗിച്ചു. കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. അസീസ് ചെറുവാടി, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, സിദ്ദീഖ് സഖാഫി നേമം, സ്വാദിഖ് വെളിമുക്ക്, മജീദ് അരിയല്ലൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, റഷീദ് നരിക്കോട് സംബന്ധിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി സ്വാഗതവും സൈനുദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു.