ദുബൈ ക്രീക്കില്‍ ഹൈബ്രിഡ് അബ്ര പരീക്ഷണ യാത്ര നടത്തി

Posted on: December 30, 2018 7:57 pm | Last updated: December 30, 2018 at 7:57 pm

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം നടത്തി. ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തു. ആര്‍ ടി എക്ക് കീഴിലെ മറൈന്‍ ട്രാന്‍സിറ്റ് സംവിധാനങ്ങളില്‍ കൂടുതല്‍ മികച്ചതും പരിസ്ഥിതി സൗഹൃദവുമായ സംവിധാനങ്ങള്‍ ഏര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ഒരുക്കിയത്.
അടുത്ത പരീക്ഷണ ഓട്ടം അല്‍ സീഫ്-അല്‍ ഗുബൈബ പാതയില്‍ സംഘടിപ്പിക്കുമെന്ന് ആര്‍ ടി എ അറിയിച്ചു. അല്‍ സീഫ് ബനിയാസ്, ദുബൈ ഓള്‍ഡ് സൂഖ്, അല്‍ ഗുബൈബ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ലൈനാണ് ആദ്യഘട്ടത്തില്‍ പരീക്ഷണ ഓട്ടത്തിന് തിരഞ്ഞെടുക്കുന്നത്. രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിന് രണ്ട് ദിര്‍ഹമാണ് നിരക്ക് ഏര്‍പെടുത്തുക. യു എ ഇയുടെ പൈതൃക അബ്രകളുടെ തനത് രൂപത്തിലാകും ഹൈബ്രിഡ് അബ്രകളുടെ രൂപകല്‍പന.

സാധാരണ ഉപയോഗിച്ചുവരുന്ന പെട്രോള്‍ അബ്രകളില്‍ നിന്ന് ഭിന്നമായി കാര്‍ബണ്‍ പ്രസരണം വളരെ കുറഞ്ഞ തരത്തിലുള്ള ഹൈബ്രിഡ് അബ്രകള്‍ പരമ്പരാഗത അബ്രകളില്‍ നിന്ന് ഇതിനേക്കാള്‍ 87 ശതമാനം കാര്‍ബണ്‍ പ്രസരണം കുറക്കുമെന്ന് ആര്‍ ടി എ അധികൃതര്‍ അറിയിച്ചു.
യു എ ഇയുടെ സുസ്ഥിര വികസനത്തിനായി ഹരിത സാമ്പത്തിക ഘടന മെച്ചപ്പെടുത്തുക എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ 1.3 കോടി ജല ഗതാഗത യാത്രക്കാര്‍ എന്ന ആശയത്തിന്റെ സാക്ഷാത്കാരവും അബ്രകളുടെ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് മതര്‍ അല്‍ തായര്‍ പറഞ്ഞു.
2018-2020 കാലഘട്ടത്തില്‍ ദുബൈയില്‍ 11 പുതിയ മറൈന്‍ ട്രാന്‍സിറ്റ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിന് പദ്ധതിയുണ്ട്. 2020 ആകുമ്പോഴേക്കും 58 മറൈന്‍ സ്റ്റേഷനുകള്‍ എന്ന നിലയിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാനാണ് പദ്ധതി. ദുബൈ ക്രീക്ക്, ജുമൈറ ബീച്ച്, ന്യൂ ഐലന്‍ഡ്, ദുബൈ വാട്ടര്‍ കനാല്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകള്‍ക്കിടയില്‍ പുതിയ അബ്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.