കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്‌ലിം ലീഗ്

Posted on: December 29, 2018 11:22 am | Last updated: December 29, 2018 at 3:33 pm

മലപ്പുറം: പാര്‍ലിമെന്റില്‍ മുത്വലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വ്യവസായിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത പി കെ കുഞ്ഞാലിക്കുട്ടി എംപിയോട് മുസ്‌ലിം ലീഗ് വിശദീകരണം തേടി. മുത്വലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതിന് കാരണം വിശദമാക്കണമെന്ന് ആവശ്യപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായ സാഹചര്യത്തിലാണിത്. മോദി സര്‍ക്കാറിനെതിരെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ലഭിച്ച അവസരം പാഴാക്കിയെന്ന വിമര്‍ശവുമായി വിവിധ സംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലും വിഷയം സജീവ ചര്‍ച്ചയായതോടെ കൃത്യമായ വിശദീകരണം നല്‍കാനാകാതെ ലീഗ് പ്രതിരോധത്തിലുമായി. പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന മുത്വലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മലപ്പുറം പുത്തനത്താണിയിലെ വ്യവസായിയുടെ വിവാഹ ചടങ്ങില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതാണ് വിമര്‍ശത്തിനിടയാക്കിയത്. അദ്ദേഹത്തിന്റെ നിലപാടിനെതിരെ ഐ എന്‍ എല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി.

വിഷയം സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായതോടെ വൈകുന്നേരത്തോടെ അബൂദബിയില്‍ നിന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെത്തി. ഇതിന് ശേഷം ഫേസ്ബുക്കിലും അദ്ദേഹം പോസ്റ്റിട്ടു. പാര്‍ട്ടി പരമായും വിദേശ യാത്രയും ഉള്ളതിനാലാണ് പാര്‍ലിമെന്റില്‍ എത്താതിരുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം. മുത്വലാഖ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ചില പാര്‍ട്ടികള്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നോട് ആലോചിച്ച് ഇ ടി മുഹമ്മദ് ബശീര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. ബാക്കിയെല്ലാം തത്പര കക്ഷികളുടെ കുപ്രചാരണമാണെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

പാര്‍ലിമെന്റില്‍ പോകാതെ വിവാഹ ചടങ്ങില്‍ പങ്കെടുത്തെന്ന വിമര്‍ശത്തിന് അദ്ദേഹം മറുപടി പറയാന്‍ തയ്യാറായില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്ന വിമര്‍ശം പാര്‍ട്ടിയില്‍ ശക്തമാണ്. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ ഇ കെ വിഭാഗം നേതാക്കളും കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ഇ കെ വിഭാഗം സമ്മേളനത്തില്‍ സംഘടനയുടെ നേതാവ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ സ്റ്റേജിലിരുത്തി മുത്വലാഖ് ഉള്‍പ്പെടെയുള്ള മുസ്‌ലിം വിഷയങ്ങളില്‍ മുന്‍ഗാമികളായ സേട്ട് സാഹിബും ബനാത്ത് വാലയും ശബ്ദിച്ചത് പോലെ പാര്‍ലിമെന്റില്‍ ശബ്ദിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു ചെറിയ ഡോസാണ് ഇപ്പോള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേതൃത്വത്തിന്റെ ഈ നിര്‍ദേശത്തെ തള്ളിയതാണ് ഇ കെ വിഭാഗത്തിന്റെ കടുത്ത അതൃപ്തിക്കിടയാക്കിയത്.