തന്റെ രാജിക്ക് പകരം കുഞ്ഞാലിക്കുട്ടിയുടെ രാജിയാണ് യൂത്ത് ലീഗുകാര്‍ ആവശ്യപ്പെടേണ്ടത്: കെ ടി ജലീല്‍.

Posted on: December 29, 2018 9:41 am | Last updated: December 29, 2018 at 9:41 am

മലപ്പുറം: ലോക്‌സഭയില്‍ നടന്ന മുത്വലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പി കെ കുഞ്ഞാലിക്കുട്ടി എം പി രാജിവെക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. മുസ്‌ലിംലീഗിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു അത്. പ്രതീക്ഷയോടെ തിരഞ്ഞെടുത്ത അണികളെ വഞ്ചിക്കുന്ന രീതി മുസ്‌ലിം ലീഗ് തുടരുകയാണ്. തന്റെ രാജിക്ക് പകരം കുഞ്ഞാലിക്കുട്ടിയുടെ രാജിയാണ് യൂത്ത് ലീഗുകാര്‍ ആവശ്യപ്പെടേണ്ടത്. തന്റെ രാജി മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ ബാധിക്കുന്നതല്ല.

എന്നാല്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമായ വിഷയത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യമുണ്ടായത്. ബി ജെ പിയുടെ ഗുഡ്‌ലിസ്റ്റില്‍ കയറി കേന്ദ്ര മന്ത്രിയാകാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. ലീഗിന്റെ ഉത്തരവാദിത്വം വര്‍ധിച്ച സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി മാറി നിന്നത്. പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവരെ അയച്ചാല്‍ ഇതാകും സ്ഥിതി.

ഇതിന് ലീഗ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദിന്റെ മരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു. നിരുത്തരവാദപരമായി പെരുമാറുന്നവരെ മത്സര രംഗത്ത് നിന്ന് മുസ്‌ലിംലീഗ് മാറ്റി നിര്‍ത്തണം. ആളില്ലാത്ത പാര്‍ട്ടിയെ പോലെയായി മുസ്‌ലിംലീഗ്. കേരള നിയമസഭയില്‍ മുസ്‌ലിം ലീഗിന്റെ നിര ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു.