Connect with us

National

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗ് പ്രധാന മന്ത്രിയായിരുന്ന കാലത്തെ ആസ്പദമാക്കിയുള്ള ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയോടുള്ള പ്രതികരണം മയപ്പെടുത്തി കോണ്‍ഗ്രസ്. സിനിമക്കെതിരായ ശബ്ദകോലാഹലങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രതിഷേധക്കാര്‍ക്കു പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. പ്രതിഷേധങ്ങളുയര്‍ത്തി ചിത്രത്തിനു അനാവശ്യമായ പ്രചാരമുണ്ടാക്കേണ്ടെന്നും അവഗണിക്കുകയാണ് നല്ലതെന്നുമാണ് നിര്‍ദേശം. ബോളിവുഡ് ചിത്രത്തിനെതിരെ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും മറ്റും കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത നീക്കങ്ങളുമായി രംഗത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട സിനിമയുടെ ട്രെയിലര്‍ ബി ജെ പി ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും പത്തു വര്‍ഷം ഇന്ത്യയെ തടവിലാക്കിയ കുടുംബത്തിന്റെ കഥയാണ് ഇതെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകം ആധാരമാക്കിയാണ് സിനിമ തയാറാക്കിയിട്ടുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകം ബി ജെ പി കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. സിനിമയില്‍ മന്‍മോഹന്‍ സിംഗിന്റെ വേഷമിടുന്ന അനുപം ഖേര്‍ ബി ജെ പി അനുഭാവിയും ഇദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ ഖേര്‍ ബി ജെ പി എം പിയുമാണ്. വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവായെത്തുന്നത്. ജനുവരി 11 നു ചിത്രം റിലീസ് ചെയ്യാനാണ് നീക്കം.

സിനിമയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ വ്യക്തമാക്കി. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് പ്രത്യേക പ്രദര്‍ശനം വേണമെന്ന മുന്‍ ആവശ്യം പിന്‍വലിക്കുകയാണെന്നും സിനിമ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജിത്ത് താംബെയും വ്യക്തമാക്കി.

Latest