Connect with us

National

ബഹിരാകാശത്ത് മൂന്നുപേരെ എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു; ഗഗന്‍യാന്‍ പദ്ധതിക്ക് അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: ബഹിരാകാശത്ത് സ്വന്തമായി മനുഷ്യനെ എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ദൗത്യം സാക്ഷാത്കരിക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി വീശി. 10,000 കോടി രൂപയുടെതാണ് പദ്ധതി. മൂന്നു പേരെ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യം. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയ വിവരം വെളിപ്പെടുത്തിയത്.

2022നകം പദ്ധതി നടപ്പിലാക്കാനാണ് പരിപാടി. ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ ശാസ്ത്രവിഭാഗം തുടങ്ങി കഴിഞ്ഞു. പദ്ധതി വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവനേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന പൈലറ്റായിരുന്ന രാകേഷ് ശര്‍മയെ സോവിയറ്റ് യൂണിയന്റെ പങ്കാളിത്തത്തോടെയായിരുന്നു ഐ എസ് ആര്‍ ഒ ബഹിരാകാശത്തെത്തിച്ചത്.

ശ്രീഹരിക്കോട്ടയിലെ കേന്ദ്രത്തില്‍ നിന്നു വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് 16 മിനുട്ടിനകം ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിച്ചേരും. എന്നാല്‍ തിരിച്ചിറങ്ങാന്‍ 36 മിനുട്ട് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ആളില്ലാതെയുള്ള രണ്ടു പരീക്ഷണ വിക്ഷേപണങ്ങള്‍ക്കു ശേഷമായിരിക്കും മനുഷ്യരടങ്ങിയ പേടകം വിക്ഷേപിക്കുക. യാത്രികരായ മൂന്നുപേര്‍ ഏഴു ദിവസം ബഹിരാകാശത്തു തങ്ങും. ജി എസ് എല്‍ വി മാര്‍ക് ത്രീയാണ് വിക്ഷേപണത്തിനു ഉപയോഗിക്കുക. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്.

Latest