Connect with us

Kerala

മുത്വലാഖ്: കുഞ്ഞാലിക്കുട്ടിയുടെ നടപടി ജനങ്ങള്‍ പൊറുക്കില്ല- കെ ടി ജലീല്‍

Published

|

Last Updated

കോഴിക്കോട്: മുത്വലാഖ് ബില്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയ വേളയില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി വിട്ടുനിന്ന നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടിയുടെ നടപടി ഒരിക്കലും ജനങ്ങള്‍ പൊറുക്കില്ലെന്ന് ജലീല്‍ പറഞ്ഞു. ഇതിന് മുമ്പും സമാനമായിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എത്താതിരുന്ന കാര്യം നമുക്ക് അറിയാമെന്നും വിമാനം വൈകിയെന്നാണ് അന്ന് ന്യായമായി പറഞ്ഞിരുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. സുപ്രധാന വേളയില്‍ പ്രതിപക്ഷത്തുള്ള എല്ലാ എംപിമാരും ലോക്‌സഭയില്‍ ഹാജരാകുകയും അവരുടെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള ആളുകളെ മത്സരിപ്പിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ ലീഗ് കാണിക്കണം. പാര്‍ലിമെന്റില്‍ പങ്കെടുക്കാന്‍ സൗകര്യവും ആത്മാര്‍ഥതയുമുള്ള ആളുകളാണ് മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് പോകേണ്ടത്. വളരെ തിരക്കുള്ള ആളുകളേയും പ്രദേശികമായിട്ടുള്ള കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് താത്പര്യമുള്ള ആളുകളേയും ഇവിടെ നില്‍ക്കാനുള്ള സൗകര്യമാണ് ലീഗ് ഉണ്ടാക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും ജലീല്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. പ്രതിപക്ഷകക്ഷികള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തി സാഹചര്യത്തില്‍, അവിടെ എതിര്‍പ്പുയര്‍ത്താന്‍ തങ്ങളുടെ നേതാവ് ഉണ്ടായില്ല എന്നത് സംബന്ധിച്ച് മുസ്‌ലിം ലീഗ് ജനങ്ങളോട്, തങ്ങളെ അനുകൂലിക്കുന്ന സമുദായ വിഭാഗങ്ങളോടും സംഘടനകളോടും മറുപടി പറയേണ്ടി വരും. അതില്‍ നിന്ന് മാറി നില്‍ക്കാന്‍, ഒളിച്ചോടാന്‍ ലീഗിന് കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also മുത്വലാഖ് ചര്‍ച്ചയില്‍ നിന്ന് മുങ്ങി കുഞ്ഞാലിക്കുട്ടി; പാര്‍ട്ടിയിലും സമൂഹിക മാധ്യമങ്ങളിലും കടുത്ത വിമര്‍ശനം

കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യം പാര്‍ട്ടിയിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുത്വലാഖ് ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി തിരൂരിലെ സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. അതേസമയം, മറ്റൊരു ലീഗ് എംപിയായ ഇ ടി മുഹമ്മദ് ബഷീര്‍ സഭയില്‍ എത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മുത്വലാഖ് ബില്ല് ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന് കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും നിര്‍ണാകയമായ വേളയില്‍ കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് ലീഗ് നേതാക്കളില്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് നേതാക്കള്‍ ആരും പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.

Latest