Connect with us

Kerala

മുത്വലാഖ് ചര്‍ച്ചയില്‍ നിന്ന് മുങ്ങി കുഞ്ഞാലിക്കുട്ടി; പാര്‍ട്ടിയിലും സാമൂഹിക മാധ്യമങ്ങളിലും കടുത്ത വിമര്‍ശനം

Published

|

Last Updated

കോഴിക്കോട്: മുത്വലാഖ് ബില്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയ വേളയില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യം പാര്‍ട്ടിയിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നു. മുത്വലാഖ് ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി തിരൂരിലെ സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. അതേസമയം, മറ്റൊരു ലീഗ് എംപിയായ ഇ ടി മുഹമ്മദ് ബഷീര്‍ സഭയില്‍ എത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

മുത്വലാഖ് ബില്ല് ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന് കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും നിര്‍ണാകയമായ വേളയില്‍ കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് ലീഗ് നേതാക്കളില്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് നേതാക്കള്‍ ആരും പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. ഇത് രണ്ടാം തവണയാണ് സുപ്രധാനമായ സമയത്ത് കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റില്‍ എത്താതിരിക്കുന്നത്. നേരത്തെ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നില്ല. വിമാനം വൈകിയെന്നായിരുന്നു അന്ന് കാരണമായി പറഞ്ഞിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം എന്ത് പറഞ്ഞ് ന്യായീകരിക്കും എന്നതും ലീഗിന് തലവേദനയാകും.

ശക്തമായ പ്രതിപക്ഷ പ്രതിഷേധം മറികടന്നാണ് മുത്വലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയത്. ബില്‍ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളി, വോട്ടിനിട്ടാണ് ലോക്‌സഭ ബില്‍ പാസ്സാക്കിയത്. ബില്‍ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ കക്ഷികള്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 245 അംഗങ്ങളുടെ പിന്തുണയോടെ ബില്‍ പാസ്സായി. എന്‍ കെ പ്രേമചന്ദ്രനും അസദുദ്ദീന്‍ ഉവൈസിയും ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും തള്ളി.

ബില്ലിന്മേല്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് ഇന്നലെ ലോക്‌സഭയില്‍ നടന്നത്. മുത്വലാഖ് സമ്പ്രദായത്തിലൂടെ വിവാഹമോചിതരാകുന്ന മുസ്‌ലിം വനിതകളെ സംരക്ഷിക്കാനെന്ന പേരില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും ബില്ലും ക്രിമിനല്‍ നിയമസംഹിതക്കെതിരാണെന്ന് ചര്‍ച്ചയില്‍ ആദ്യം ഇടപെട്ട എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.