ഹൃദ്രോഗിയായ കുഞ്ഞ് ട്രെയിനില്‍ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: December 28, 2018 10:35 pm | Last updated: December 29, 2018 at 9:53 am

കുറ്റിപ്പുറം: ടിക്കറ്റ് പരിശോധകര്‍ കനിയാത്തതു മൂലം സ്ലീപ്പര്‍ ക്ലാസ് സൗകര്യവും വൈദ്യസഹായവും ലഭിക്കാതെ ഹൃദ്രോഗിയായ ഒരു വയസുകാരി ട്രെയിനില്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ വേണമെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഡി ആര്‍ എം ഓഫീസിലെത്തി നല്‍കിയ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി ഫാ. ജോക്കബ് കല്ലേിച്ചേത്ത് കമ്മീഷനു പരാതി സമര്‍പ്പിച്ചിരുന്നു.

കണ്ണൂര്‍ ഇരിക്കൂറിലെ കെ സി ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് ട്രെയിന്‍ യാത്രക്കിടെ ഉമ്മയുടെ മടിയില്‍ കിടന്നു മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ മംഗലാപുരം-തിരുവനന്തപുരം ട്രെയിനില്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് സംഭവം. ഇന്നലെ രാത്രി പതിനൊന്നോടെ ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തുന്നതിനു തൊട്ടു മുമ്പാണ് കുട്ടി മരിച്ചത്.

മൂന്നു മാസം മുമ്പ് ശ്രീചിത്രയില്‍ വെച്ച് കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. പനി അധികമായതിനെ തുടര്‍ന്ന് ശ്രീചിത്രയിലേക്കു തിരിക്കുന്നതിനായി രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയ കുടുംബത്തിന് ജനറല്‍ ടിക്കറ്റാണു ലഭിച്ചത്. കുട്ടിക്കു സുഖമില്ലെന്നും സ്ലീപ്പര്‍ കോച്ചില്‍ കയറാന്‍ അനുവദിക്കണമെന്നും ടിക്കറ്റ് പരിശോധകരോട് അപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ലെന്ന് ഷമീര്‍ പറയുന്നു. ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കമ്പാര്‍ട്ടുമെന്റിലും ഷമീര്‍ തൊട്ടടുത്ത ജനറല്‍ കമ്പാര്‍ട്ടുമെന്റിലും കയറുകയായിരുന്നു. തിരക്കുള്ള കമ്പാര്‍ട്ടുമെന്റിലെ യാത്ര കുട്ടിയുടെ നില കൂടുതല്‍ വഷളാക്കുകയായിരുന്നു.

കുറ്റിപ്പുറം സ്റ്റേഷന്‍ എത്താറായപ്പോള്‍ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ആര്‍ പി എഫുകാരില്‍ നിന്നാണ് കുട്ടി ഗുരുതരാവസ്ഥയിലായ കാര്യം ഷമീര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ആംബുലന്‍സില്‍ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.