Connect with us

National

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായി

Published

|

Last Updated

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ പാസ്സായി. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. ബില്ലിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസും എഐഎഡിഎംകെയും സഭ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് 12ന് എതിരെ 238 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്.

മുത്വലാഖ് ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സുപ്രധാനമായൊരു ബില്ലിന്മേല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അതിനാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ നിരസിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. മുത്വലാക്ക് ബില്‍ സമൂഹത്തിനോ മതത്തിനോ വിശ്വാസത്തിനോ എതിരല്ലെന്നും സ്ത്രീകളുടെ അവകാശവും നീതിയുമായി ബന്ധപ്പെട്ടുള്ള വിഷയമാണെന്നും അതുകൊണ്ടുതെന്ന ബില്ലുമായി മുന്നോട്ട് പോകാമെന്നും കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 20 ഇസ്ലാമിക് രാജ്യങ്ങള്‍ മുത്വലാക്ക് നിരോധിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്ത് എംകെ പ്രേമചന്ദ്രന്‍ എംപി പ്രമേയം അവതരിപ്പിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്നും സിവില്‍ അവകാശത്തെ ക്രിമിനല്‍വത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബില്ല് കൊണ്ടുവന്നത്. മുത്വലാക്ക് കുറ്റകരമാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ച ഭൂരിപക്ഷം ജഡ്ജിമാരും ഇത് സംബന്ധിച്ച് നിയമം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ, സുപ്രീം കോടതി വിധിയെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ സ്തംഭിച്ചിരുന്നു. കാവേരി നദിയിലെ ഡാം നിര്‍മാണത്തിനെതിരേ അണ്ണാ ഡിഎംകെയും ഡിഎംകെയും ബഹളം വച്ചതിന് പിന്നാലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ കലാപത്തിന്റെ പേരില്‍ എസ്പിയും ബിഎസ്പിയും പ്രതിഷേധം ഉയര്‍ത്തി. ഇതോടെ സഭ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ ഇന്നത്തേക്ക് പിരിയുന്നതായി ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest