സഊദിയില്‍ സ്വദേശിവത്കരണം സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും; മലയാളികള്‍ ആശങ്കയില്‍

Posted on: December 27, 2018 5:10 pm | Last updated: December 27, 2018 at 10:41 pm

ദമ്മാം: സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശി വത്കരണം നടപ്പാക്കുമെന്ന് സഊദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ.മാജിദ് അല്‍ഖുസൈബി. ഇത് വഴി മുപ്പത്തയ്യായിരം സ്വദേശികള്‍ക്ക് ചുരുങ്ങിയ ഘട്ടത്തിനുള്ളില്‍ ജോലി നല്‍കാന്‍ കഴിയും. വിദേശികളുടേയും അവരുടെ ആശ്രിതരുടേയും മേല്‍ ഏര്‍പ്പെടുത്തിയ ലെവി മൂലമുള്ള പ്രതിസന്ധികളെകുറിച്ച് പഠനം നടത്തി വരുകയാണെന്നും അദ്ദഹം വ്യക്തമാക്കി. ഖലീജ് ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യ വ്യക്തമാക്കിയത്. പഠന റിപ്പോര്‍ട്ട് ശൂറാ കൗണ്‍സിലിനു സമര്‍പിക്കും.

സ്വദേശികളുട പേരില്‍ വിദേശികള്‍ളെ ബിസിനസ്സ് ചെയ്യാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ ബിനാമി ബിസിനസ്സ് നടത്തി വന്ന 1704 സ്ഥാപനങ്ങള്‍ക്കെതിര നടപടി സ്വീകരിച്ചിട്ടുണ്ട്. ചെറുകിട വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ ക്ഷേമത്തിന്നായി 12 ബില്ല്യന് റിയാല്‍ വായ്പക്കും മറ്റുമായി നീക്കി വെച്ചിട്ടുണ്ട്.

ചെറുകിട ഇടത്തര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ലെവിയും മറ്റു ഫീസുകളും ഒഴിവാക്കുന്നതിന്നായി മന്ത്രിസഭ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കാനുള്ള നീക്കം ആയിരക്കണക്കിന് മലയാളികളെ ദോഷകരമായി ബാധിക്കും. മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍.