രാജസ്ഥാനില്‍ മന്ത്രിമാര്‍ക്കു വകുപ്പുകളായി; ഒമ്പതെണ്ണം കൈകാര്യം ചെയ്യുക മുഖ്യമന്ത്രി

Posted on: December 27, 2018 4:46 pm | Last updated: December 27, 2018 at 8:38 pm

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിമാരുടെ വകുപ്പു വിഭജനം പൂര്‍ത്തിയായി. ആഭ്യന്തരം, ധനകാര്യം, എക്‌സൈസ് എന്നീ പ്രധാന വകുപ്പുകള്‍ ഉള്‍പ്പടെ ഒമ്പതു വകുപ്പുകള്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് തന്നെ കൈകാര്യം ചെയ്യും. പൊതുമരാമത്ത്, ഗ്രാമീണ വികസനം, പഞ്ചായത്തി രാജ്, ശാസ്ത്ര സാങ്കേതികം, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകളുടെ ചുമതല ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനാണ്.

ഗെഹ്‌ലോട്ടിന്റെ നിര്‍ദേശ പ്രകാരം ഗവര്‍ണര്‍ കല്യാണ്‍ സിംഗാണ് കഴിഞ്ഞ ദിവസം രാത്രി 13 കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്. കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഗെഹ്‌ലോട്ടും പൈലറ്റും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായത്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു ഒരാഴ്ചക്കു ശേഷമാണ് മറ്റു മന്ത്രിമാര്‍ സ്ഥാനമേറ്റത്.