തീപ്പിടിത്ത സാധ്യതയുള്ള വസ്തുക്കളുമായി തീവണ്ടി കയറിയാല്‍ ഇനി മൂന്ന് വര്‍ഷം തടവ്

Posted on: December 27, 2018 2:23 pm | Last updated: December 27, 2018 at 2:23 pm

പാലക്കാട്: തീപ്പിടിത്ത സാധ്യതയുളള പടക്കങ്ങള്‍, പാചകവാതക സിലിണ്ടര്‍, മണ്ണെണ്ണ, പെട്രോള്‍, കര്‍പ്പൂരം തുടങ്ങിയവയുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റെയില്‍വേ നിയമപ്രകാരം പിഴയും മൂന്നു വര്‍ഷത്തെ തടവും ലഭിക്കുമെന്ന് റെയില്‍വേ.

കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ വഴി പോകുകയായിരുന്ന സ്‌പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്ത തീര്‍ഥാടകര്‍ കമ്പാര്‍ട്ട്‌മെന്റില്‍ പൂജ നടത്തുകയും കര്‍പ്പൂരം കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്.

യാത്രക്കാരുടെ സുരക്ഷ ക്കായി വിവിധ നടപടികള്‍ റെയില്‍വേ സ്വീകരിക്കുന്നുണ്ട്. തീപ്പിടുത്ത സാധ്യതയുളള വസ്തുക്കളുമായി യാത്ര ചെയ്യുന്നത് അപകടം സൃഷ്ടിക്കും. ഇത്തരം വസ്തുക്കളുമായി ആരെങ്കിലും യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ ടി ടി ഇ, കോച്ച് അറ്റന്‍ഡന്റ്, ഗാര്‍ഡ്‌സ്, സ്‌റ്റേഷന്‍ മാസ്റ്റര്‍, ആര്‍ പി എഫ്, ഗവ റെയില്‍വേ പോലീസ് തുടങ്ങിയവരെ വിവരം അറിയിക്കണമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു. 182 എന്ന സുരക്ഷാ ഹെല്‍പ്പ ലൈന്‍ നമ്പറിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.