Connect with us

Articles

വായു മലിനീകരണവും ചില വസ്തുതകളും

Published

|

Last Updated

ഡല്‍ഹി നഗത്തിന്റെ ഹൃദയഭാഗത്ത് 52 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടലാണ് “ദി ഒബ്രോയ്”. തങ്ങളുടെ അതിഥികള്‍ക്ക് വ്യത്യസ്തമായ ഒരു വാഗ്ദാനം നല്‍കിയാണ് സ്ഥാപനം കഴിഞ്ഞമാസം വാര്‍ത്തകളിലിടം നേടിയത്. “ഇവിടെ ശുദ്ധവായു ലഭ്യമാണ്” എന്നായിരുന്നു അത്. വായു ശുദ്ധീകരണ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ആഗോള നിലവാരമനുസരിച്ച് തങ്ങളുടെ അതിഥികള്‍ക്ക് ശുദ്ധവായു നല്‍കുമെന്നായിരുന്നു ആ വേറിട്ട പരസ്യവാചകം. ഇന്ന് ഡല്‍ഹി നഗരം നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരമായ വായുമലിനീകരണ പ്രതിസന്ധിയുടെ ചെറിയ ചിത്രം ഇതില്‍ നിന്ന് വായിക്കാം. ഈ പ്രതിസന്ധിയെ കുറിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് കാണാം. “ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഒരു സ്ഥലത്തെ A Q I (Air qualtiy index) വായു ഗുണ നിലവാര സൂചിക, നൂറിനുമുകളില്‍ ആവുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍, നവംബര്‍ പത്ത് രാവിലെ എട്ട് മണിക്ക് ഒബ്രോയ് ഹോട്ടലിലെ ഗസ്റ്റ് റൂമില്‍ A Q I 13 ആയിരുന്നെങ്കില്‍ ഹോട്ടലിന് പുറത്ത് 302 ആയിരുന്നത്രെ…!

ലോകാരോഗ്യസംഘടന ഈയടുത്ത് പുറത്തുവിട്ട വായുമലിനീകരണവും ആരോഗ്യവും എന്ന പഠനറിപ്പോര്‍ട്ട് വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. കേവലം ശ്വാസോച്ഛാസ രോഗങ്ങള്‍ക്കുപരി പ്രസവിക്കപ്പെട്ട കുട്ടികളിലെ ഭാരക്കുറവ്, നാഡീവ്യൂഹ വളര്‍ച്ചയുടെ മുരടിപ്പ്, ആസ്ത്മ, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയും വ്യാപകമായി കണ്ടുവരുന്നു. ലംഗ് കെയര്‍ സെന്റര്‍ ഫോര്‍ ചെസ്റ്റ് സര്‍ജറി ഫൗണ്ടേഷന്‍ ചെയര്‍മാനായ ഡോ. അരവിന്ദ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: “കഴിഞ്ഞ 30 വര്‍ഷത്തോളമായി ഒരു ശ്വാസകോശ സര്‍ജന്‍ എന്നനിലയില്‍ ശ്വാസകോശത്തിലെ നിറം മാറ്റങ്ങളെ നിരീക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. മുമ്പ് പുകവലിക്കാരുടെ ശ്വാസകോശത്തിന് കറുപ്പ് പുള്ളികളും അല്ലാത്തവരുടേതിന് പിങ്ക് നിറവുമായിരിക്കും.

പക്ഷേ, ഇന്ന് കൗമാരക്കാരിലടക്കം കറുത്ത ശ്വാസകോശങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. ഓരോ ദിവസവും 15 മുതല്‍ 20 എണ്ണം വരെ സിഗരറ്റുകള്‍ വലിക്കുന്ന ഫലമാണ് ഇന്ന് ഡല്‍ഹിയിലെ ഒരു ദിവസത്തെ വായു ശ്വസിക്കുന്നത് കൊണ്ട് രൂപപ്പെടുന്നത്.” എത്ര ഭയാനകമാണ് ഇത്. ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മെട്രോ നഗരമായ ഡല്‍ഹിയിലെ വായു മലിനീകരണ അളവ് ഇനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. തെരുവുകളില്‍ റിക്ഷ വലിക്കുന്നവര്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്കാണ് ഇത് കൂടുതല്‍ അപകടകരമാകുന്നത്. ഈ പ്രതിസന്ധിയില്‍ ഡോക്ടര്‍മാരെ പോലെ ഭരണകൂടവും എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയെ “v-ery poor” കാറ്റഗറിയിലും 37 ഓളം വ്യത്യസ്ത പ്രദേശങ്ങളെ “ലെ്‌ലൃല” കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകത്തില്‍ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്. 2013 ല്‍ വേള്‍ഡ് ബേങ്ക് കണക്കാക്കിയത് പ്രകാരം വായുമലിനീകരണം പ്രതിവര്‍ഷം 80 ബില്യണ്‍ ഡോളറിന്റെ ചെലവ് സൃഷ്ടിക്കുന്നുവെന്നാണ്. പ്രതിവര്‍ഷം 6.2 ലക്ഷം ജനങ്ങള്‍ വായു മലിനീകരണം കാരണം മരണപ്പെടുന്നുണ്ട്. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കൊലയാളി എന്നാണ് വായു മലിനീകരണത്തെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

വാഹന പുക, നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പൊടികള്‍, മാലിന്യങ്ങള്‍ കത്തിക്കുന്നത്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കാര്‍ഷികവിളകള്‍ കത്തിക്കുന്നത് തുടങ്ങി ഡല്‍ഹിയുടെ അന്തരീക്ഷത്തെ മലിനമാക്കുന്ന കാരണങ്ങളേറെയാണ്. കൃത്യമായ നടപടികളെടുക്കുന്നതില്‍ വീഴ്ചവരുത്തിയ സര്‍ക്കാറിനേറ്റ പ്രഹരമായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ പിഴ. അന്തരീക്ഷമലിനീകരണം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കാണിച്ച് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാറിന് 25 കോടി പിഴ ചുമത്തിയത്. വായു മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്നും മലിനീകരണം സൃഷ്ടിക്കുന്നവരില്‍ നിന്നുമുള്ള പിഴയും ചേര്‍ത്താണ് സംഖ്യ അടക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കത്തിക്കുന്നതും അനധികൃത വ്യവസായശാലകളും നഗരത്തിലെ അന്തരീക്ഷം മലിനമാക്കുന്നു എന്ന് കാണിച്ച് ഡല്‍ഹി സ്വദേശി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിലും ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന വിഷയത്തിലും നാം ചൈനയെ പാഠമാക്കേണ്ടതുണ്ട്. ബീജിംഗ് അടക്കം സുപ്രധാന നഗരങ്ങളില്‍ വായുമലിനീകരണ ഭീഷണി ഉയര്‍ന്നു തുടങ്ങിയ സമയത്ത് തന്നെ ദേശീയ വ്യാപകമായി നിയമങ്ങള്‍ നടപ്പിലാക്കി അവയെ നിയന്ത്രിക്കാന്‍ ചൈനക്കു സാധിച്ചു. വാഹനങ്ങളുടെ എണ്ണം കുറക്കുക, ഏകീകൃത സ്വഭാവത്തിലുള്ള പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക, കല്‍ക്കരി ഉപയോഗം ഗണ്യമായി കുറക്കുക തുടങ്ങി വായു ഗുണനിലവാരത്തെ നിയന്ത്രിക്കാനുതകുന്ന അനേകം നിയമങ്ങള്‍ ആണ് അവര്‍ നടപ്പിലാക്കിയത്. എല്ലാത്തിനും പുറമേ ഗ്രീന്‍ എനര്‍ജി ടെക്‌നോളജികള്‍ പുഷ്ടിപ്പെടുത്താന്‍ വിദേശ നിക്ഷേപങ്ങളെ ക്ഷണിക്കുകയും ബീജിംഗിനു ചുറ്റും പഴുതടച്ച ചെക്കിങ്ങും നടത്തി കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കി.

കഴിഞ്ഞ ദീപാവലി വേളയില്‍ പടക്കങ്ങളും കരിമരുന്ന് പ്രയോഗങ്ങളും ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി സമയ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ആഘോഷങ്ങളെത്തുടര്‍ന്ന് ഡല്‍ഹി നഗരത്തിലെ വായു അപകടകരമായ രീതിയില്‍ മലിനമാകുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും എന്ന ബോധ്യത്തില്‍ നിന്നായിരുന്നു നിയന്ത്രണം. എന്നാല്‍ വര്‍ഗീയ മനസ്സോടെയായിരുന്നു ചിലരതിനെ നേരിട്ടത്. ഹിന്ദു സംസ്‌കാരങ്ങളിലും ആചാരങ്ങളിലും കൈകടത്തുന്ന ഒരു നിയമത്തോടും താന്‍ സഹകരിക്കില്ലെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ സന്തോഷത്തോടെ പോവുമെന്നുമാണ് മധ്യപ്രദേശ് ബി ജെ പി, എം പി ചിന്താമണി മാളവ്യ പ്രതികരിച്ചത്.

Latest