ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത്: സര്‍ക്കാറിനെ പരിഹസിച്ച് ജയശങ്കര്‍

Posted on: December 27, 2018 11:02 am | Last updated: December 27, 2018 at 3:29 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണകേസില്‍ സസ്‌പെന്‍ഷനിലായിരുന്ന സിഐ ഉള്‍പ്പെടെയുള്ള ഏഴ് പോലീസുകാരെയും സര്‍വീസില്‍ തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നീരിക്ഷകനും അഭിഭാഷകവുമായ എ ജയശങ്കര്‍. ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയമെന്നും ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുതെന്നും ജയശങ്കര്‍ പരിഹസിച്ചു. ഇനി പോലീസിലിരുന്നു കൊണ്ടുതന്നെ പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാം, തെളിവുകള്‍ തേച്ചുമായ്ച്ചു കളയാമെന്നും അദ്ദേഹം ഫേ്‌സ്ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….

വരാപ്പുഴ ലോക്കപ്പില്‍ ഏമാന്റെ ചവിട്ടേറ്റു മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്ക് 10ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും കൊടുത്ത് സര്‍ക്കാര്‍ മഹാമനസ്‌കത തെളിയിച്ചു.

ഏഴു മാസത്തിനു ശേഷം ഏഴു പ്രതികളെയും സര്‍വീസില്‍ തിരിച്ചെടുത്തു കൊണ്ട് സര്‍ക്കാര്‍ ഇതാ വീണ്ടും മഹാമനസ്‌കത തെളിയിച്ചിരിക്കുന്നു. പ്രതിസ്ഥാനത്ത് പേരു വരാതെ തടി രക്ഷിച്ച ആലുവാ റൂറല്‍ എസ്പിയെ കഴിഞ്ഞ പ്രളയത്തിനിടയില്‍ തിരിച്ചെടുത്തിരുന്നു.

ഇനി പോലീസിലിരുന്നു കൊണ്ടുതന്നെ പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാം, തെളിവുകള്‍ തേച്ചുമായ്ച്ചു കളയാം.

ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയം. ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത്.

കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടു പോലുള്ള മാനസം…