ഗ്വാട്ടിമലക്കാരനായ എട്ടു വയസ്സുകാരന്‍ യു എസ് കസ്റ്റഡിയില്‍ മരിച്ചു

Posted on: December 26, 2018 5:24 pm | Last updated: December 26, 2018 at 5:24 pm

വാഷിംഗ്ടണ്‍: അനധികൃതമായി അതിര്‍ത്തി കടന്നതിന് പിതാവിനൊപ്പം യു എസ് പോലീസ് കസ്റ്റഡിയിലെടുത്ത ബാലന്‍ മരിച്ചു. ഗ്വാട്ടിമലയില്‍ നിന്നെത്തിയ എട്ടു വയസ്സുകാരന്‍ ഫിലിപ്പ് അലന്‍സോ ഗോമസ് ആണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സേനാ അധികൃതര്‍ വെളിപ്പെടുത്തി.

ഡിസം: 18നാണ് യു എസ്-മെക്‌സിക്കോ അതിര്‍ത്തി കടന്നെത്തിയ കുട്ടിയെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. ഈമാസമാദ്യം ജാക്ലിന്‍ കോള്‍ എന്ന ഏഴു വയസ്സുകാരിയും കസ്റ്റഡിയില്‍ മരിച്ചിരുന്നു.

മധ്യ അമേരിക്കയിലെ ഗ്വാട്ടിമല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികളാണ് യു എസ് അതിര്‍ത്തിയിലെത്തുന്നത്. പീഡനം, ദാരിദ്ര്യം, അക്രമം തുടങ്ങിയവ മൂലം സ്വരാജ്യത്തു നിന്നു പലായനം ചെയ്യുന്നവരാണ് അഭയം തേടി യു എസിലേക്കു വരുന്നത്.