Connect with us

Kerala

ഐ എന്‍ എല്ലിനേയും ലോക് താന്ത്രിക് ജനതാദളിനേയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: നാല് കക്ഷികളെ കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു. എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് (ബി), കാല്‍നൂറ്റാണ്ട് കാലമായി മുന്നണിയുമായി സഹകരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍), ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവരെയാണ് പുതുതായി മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടൊപ്പം സി കെ ജാനുവിന്റേതടക്കമുള്ള ചില പാര്‍ട്ടികളുമായി സഹകരിക്കാനും തീരുമാനമെടുത്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളീയ സമൂഹത്തെ വര്‍ഗീയവത്കരിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും എന്‍.എസ്.എസ് പോലുള്ള സംഘടനകളും ചേര്‍ന്ന് സ്ത്രീ വിരുദ്ധ നടപടികളിലൂടെ നാടിനെ പിറകോട്ട് അടിക്കാനാണ് ശ്രമിക്കുന്നത്. സമൂഹത്തെ വിശ്വാസിയും അവിശ്വാസിയുമായി തരംതിരിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.

കേരളത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്ന വിധത്തില്‍ ബിജെപിയും കോണ്‍ഗ്രസും നിലപാടെടുക്കുമ്പോള്‍, കേരളത്തെ വര്‍ഗീയമായി ചേരിതിരിച്ച് അസ്ഥിരപ്പെടുത്താന്‍ നോക്കുമ്പോള്‍ അതിനെതിരെ യോജിച്ച നിലപാടുള്ളവരുമായി ഐക്യപ്പെടുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്.

കേരളത്തിന് പദ്ധതി വിഹിതം പോലും അനുവദിക്കാതെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തികച്ചും അപലപനീയമാണ്. പ്രളയ കേരളത്തെ കെട്ടിപ്പടുക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ സഹായം തരുന്നില്ല. ഇതിനെതിരെ സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടത് മുന്നണി പ്രവര്‍ത്തിക്കും.
എന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലും ഇടത് രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.