ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; ഓസീസിനെ ‘നയിക്കുന്ന’ത് ഏഴ് വയസ്സുകാരന്‍

Posted on: December 25, 2018 6:07 pm | Last updated: December 25, 2018 at 6:07 pm

മെല്‍ബണ്‍: നാളെ ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്ന ഓസീസ് ടീമിനെ ‘നയിക്കാന്‍’ ഒരു സൂപ്പര്‍ താരമുണ്ട്. ടീമിന്റെ സഹ ക്യാപ്റ്റനായ ആര്‍ച്ചി ഷില്ലെര്‍. വയസ്സ് വെറും ഏഴ്. അതിശയിക്കാന്‍ വരട്ടെ, ഈ വയസ്സിനിടയില്‍ 13 തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട് ഇവന്‍!

14 അംഗ ഓസ്‌ട്രേലിയന്‍ സ്‌ക്വാഡിലാണ് സ്പിന്നറായി ആര്‍ച്ചിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കളിക്ക് മുന്നോടിയായി നടന്ന നെറ്റ് പ്രാക്ടീസില്‍ ആര്‍ച്ചി ഷില്ലെര്‍ പങ്കെടുക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഞായറാഴ്ചയാണ് ടീമിന്റെ സഹ ക്യാപ്റ്റനായി ആര്‍ച്ചിയുടെ പേര് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പൈനെയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം.

ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ് തലക്കുപിടിച്ച ആര്‍ച്ചിക്ക് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 13ഓളം തവണ ശസ്ത്രക്രിയ വേണ്ടിവന്നു. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഹൃദയ വാള്‍വിന് തകരാറുള്ളതായി കണ്ടെത്തിയത്. ശനിയാഴ്ച അവന്റെ ഏഴാം പിറന്നാളായിരുന്നു. പിറന്നാള്‍ സമ്മാനമായാണ് അവനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഓസീസ് തീരുമാനിച്ചത്. ഓസീസ് ഇതിഹാസം ഷെയിന്‍ വോണിന്റെ ആരാധകന്‍ കൂടിയാണ് ആര്‍ച്ചി.