Connect with us

Sports

ഉറപ്പിച്ചോളൂ, ധോണി ലോകകപ്പ് കളിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കും ന്യൂസിലാന്‍ഡിനുമെതിരായ ഏകദിന സ്‌ക്വാഡിനെയും ന്യൂസിലാന്‍ഡിനെതിരായ ടി20 സ്‌ക്വാഡിനെയും ഇന്ത്യ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടി20 സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയപ്പോള്‍ യുവതാരം റിഷഭ് പന്ത് ഏകദിന സ്‌ക്വാഡില്‍ നിന്ന് തഴയപ്പെട്ടു. ആസ്‌ത്രേലിയക്കെതിരായ ടി20 സ്‌ക്വാഡില്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. റിഷഭ് പന്തിനെ തഴഞ്ഞതും ധോണിയുടെ തിരിച്ചുവരവും സൂചിപ്പിക്കുന്നത് 2019 ലോകകപ്പില്‍ ധോണി ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടാകുമെന്ന സൂചനയാണ്.
അതുപോലെ, റിഷഭ് പന്തിനെ ആദ്യ ഇലവന്‍ പ്ലെയറായി സെലക്ടര്‍മാര്‍ കാണുന്നില്ലെന്നും.
ലോകകപ്പിന് മുന്നോടിയായി ധോണിക്ക് കൂടുതല്‍ മത്സരപരിചയം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഏകദിന സ്‌ക്വാഡിന് പുറമെ ടി20യിലും ഇടം നല്‍കിയത്. ആസ്‌ത്രേലിയയിലും ന്യൂസിലാന്‍ഡിലുമായി എട്ട് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഒരു മാസത്തിനിടെ ധോണിക്ക് കളിക്കാം. 2020 ട്വന്റി20 ലോകകപ്പിന് ധോണിയില്ലാത്ത ടീം ഇന്ത്യയെയാണ് സെലക്ടര്‍മാര്‍ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ധോണിയെ പതിയെ കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചിരുന്നു.
ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ടി20 സ്‌ക്വാഡില്‍ നിന്ന് പുറത്തായി. ഹര്‍ദിക് പാണ്ഡ്യ പ്രതീക്ഷിച്ചത് പോലെ തിരിച്ചെത്തി. കേദാര്‍ യാദവിന് കൂടുതല്‍ മത്സരപരിചയം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യരഹാനെയും സ്പിന്നര്‍ അശ്വിനും ടി20 സ്‌ക്വാഡില്‍ ഇടം നേടിയില്ല. ബി സി സി സി ഐ ലക്ഷ്യമിടുന്ന 2020 ലേക്കുള്ള ലോകകപ്പ് നിരയില്‍ ഈ രണ്ട് സീനിയര്‍ താരങ്ങളും ഇല്ലെന്ന് വ്യക്തം.
ആസ്‌ത്രേലിയയുമായുള്ള ഏകദിന പരമ്പര ജനുവരി 12ന് ആരംഭിക്കും. ന്യൂസിലാന്‍ഡിനെതിരെയുള്ളത് ജനുവരി 23ന്. കിവീസിനെതിരായ ടി20 ഫെബ്രുവരി ആറിന്. ഇംഗ്ലണ്ടില്‍ ലോകകപ്പ് ആരംഭിക്കുന്നത് മെയ് മുപ്പതിനാണ്.

ഏകദിന സ്‌ക്വാഡ്: വിരാട് കോഹ് ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അംബാട്ടി റായുഡു, ദിനേശ് കാര്‍ത്തിക്, കെദാര്‍ യാദവ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ന്യുസിലാന്‍ഡിലേക്കുള്ള ടി20 സ്‌ക്വാഡ് : വിരാട് കോഹ് ലി (ക്യാപ്റ്റന്‍), രോഹിത്ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കെദാര്‍ യാദവ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ, ഖലീല്‍ അഹമ്മദ്.

---- facebook comment plugin here -----

Latest