മുഹ്‌യുദ്ദീന്‍ മാലയുടെ ഉറവിടം തേടി ഈജിപ്ത് കള്‍ചറല്‍ കൗണ്‍സിലര്‍ കുറ്റിച്ചിറയില്‍

Posted on: December 25, 2018 5:00 pm | Last updated: December 25, 2018 at 8:41 pm
ഈജിപ്ത് എംബസി കള്‍ചറല്‍ കൗണ്‍സിലര്‍ ഡോ. മുഹമ്മദ് ശുക്‌റ് നദ കുറ്റിച്ചിറയില്‍ മുഹ്‌യുദ്ദീന്‍ മാലയുടെ രചയിതാവ് ഖാസി മുഹമ്മദിന്റെ ഖബര്‍ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തുന്നു

കോഴിക്കോട്: മുഹ്‌യുദ്ദീന്‍ മാലയുടെ രചയിതാവിനെ തേടി ഈജിപ്ത് എംബസി കള്‍ചറല്‍ ആന്‍ഡ് എജ്യൂക്കേഷണല്‍ കൗണ്‍സിലര്‍ ഡോ. മുഹമ്മദ് ശുക്‌റ് നദ കുറ്റിച്ചിറയിലെത്തി. ബാഗ്ദാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന വിശ്രുത ആത്മീയഗുരു ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ജീവിതവും ദര്‍ശനവും വിവരിക്കുന്ന അറബി- മലയാള പ്രകീര്‍ത്തന കാവ്യം മുഹ്‌യുദ്ദീന്‍ മാലയെ കേട്ടറിഞ്ഞാണ് ഈജിപ്ത് കള്‍ചറല്‍ കൗണ്‍സിലര്‍ ഉറവിടം തേടിയെത്തിയത്.
അലിഫിന്റെയും മഅ്ദിന്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക അറബി ഭാഷാദിന പരിപാടികളുടെ ഉദ്ഘാടനത്തിനാണ് ഡോ. മുഹമ്മദ് ശുക്‌റ് നദ കേരളത്തിലെത്തിയത്.

ശൈഖ് ജീലാനിയുടെ ഓര്‍മകള്‍ പുതുക്കുന്ന റബീഉല്‍ ആഖിര്‍ മാസത്തില്‍ മുഹ്‌യുദ്ദീന്‍ മാലയുടെ രചയിതാവ് ഖാസി മുഹമ്മദിന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ ആത്മീയ കാവ്യം ഇന്ത്യയിലെ വീടുകളിലും മസ്ജിദുകളിലും ബഹുമാന പുരസരം പാരായണം ചെയ്യുന്നു എന്നറിഞ്ഞതില്‍ അഭിമാനിക്കുന്നു. ഇന്തോ- അറബ് സാംസ്‌കാരിക കൈമാറ്റത്തില്‍ മുഹ്‌യുദ്ദീന്‍ മാലയുടെ ഉള്ളടക്കം വലിയ പങ്കുവഹിക്കുന്നുവെന്നും ഈജിപ്ത് കള്‍ച്ചറല്‍ കൗണ്‍സിലര്‍ പറഞ്ഞു.

ചരിത്രപ്രസിദ്ധമായ കുറിച്ചിറ ജുമാ മസ്ജിദ്, മിസ്‌കാല്‍ മസ്ജിദ്, ജിഫ്‌രി ഹൗസ് തുടങ്ങിയവയും അദ്ദേഹം സന്ദര്‍ശിച്ചു. കുറ്റിച്ചിറയിലെത്തിയ ഈജിപ്ത് കൗണ്‍സിലറെ സയ്യിദ് സ്വാലിഹ് ശിഹാബ് അല്‍ ജിഫ്‌രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

അലിഫ് ജനറല്‍ സെക്രട്ടറി ഡോ. അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി, സയ്യിദ് അനസ് ശിഹാബ്, അസ്സഖാഫ ചീഫ് എഡിറ്റര്‍ തറയിട്ടാല്‍ ഹസന്‍ സഖാഫി, അസ്‌ലം കുറ്റിച്ചിറ പങ്കെടുത്തു.