അപ്പോള്‍ കൗസര്‍ ബിയെ നിങ്ങളെന്ത് ചെയ്തു?

ഒരു കാര്യത്തില്‍ ആശ്വസിക്കാം. സുഹ്‌റുബുദ്ദീന്‍ ശൈഖിനെയും തുളസി റാം പ്രജാപതിയെയും കൊലപ്പെടുത്തിയതാണെന്ന് ജഡ്ജി എസ് ജെ ശര്‍മ അര്‍ഥശങ്കയില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരുടെയും ശരീരത്തില്‍ ബുള്ളറ്റുകള്‍ തറച്ച രീതിയും പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകളും പരിഗണിക്കുമ്പോള്‍ സംഗതി കൊല തന്നെയാണെന്നാണ് വിധിയില്‍ പറയുന്നത്. എന്നാല്‍, ആ കൊലകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരോപണവിധേയരുടെ പട്ടികയില്‍ ശേഷിച്ച 22 പേരാണോ എന്ന് ഉറപ്പിക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറയുന്നു. എന്തായാലും സുഹ്‌റാബുദ്ദീന്റെയും തുളസിറാം പ്രജാപതിയുടെയും കഥ അവസാനിക്കുകയാണ്. കൊലപ്പെടുത്തിയതെന്ന് തിട്ടമുണ്ടായെങ്കിലും കൊലക്ക് ഉത്തരവാദികളാരെന്ന് തിട്ടമില്ലാതെ. അപ്പോള്‍ കൗസര്‍ ബിയെ നമ്മള്‍ എന്തു ചെയ്യും.  
Posted on: December 25, 2018 8:45 am | Last updated: December 24, 2018 at 9:28 pm

സുഹ്‌റാബുദ്ദീന്‍ ശൈഖ് – തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സി ബി ഐ പ്രത്യേക കോടതിയുടെ വിധി പ്രത്യേകിച്ച് ആശ്ചര്യമൊന്നും ജനിപ്പിക്കുന്നില്ല. കേസില്‍ വിചാരണ കൂടാതെ ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ബി ജെ പി നേതാവും രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന ഗുലാബ് ചന്ദ് കട്ടാരിയ, ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ പി സി പാണ്ഡെ, ഡി ജി വന്‍സാര തുടങ്ങി 16 പേരെ നേരത്തെ വിട്ടയച്ചപ്പോള്‍ തന്നെ, ശേഷിക്കുന്ന 22 പേരുടെയും കാര്യത്തില്‍ മറ്റൊരു തീരുമാനമുണ്ടാകില്ലെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. അന്വേഷണ ഏജന്‍സി ഹാജരാക്കിയ 210 സാക്ഷികളില്‍ 92 പേര്‍ കൂറുമാറുകയും ഹരജിക്കാരനായ സുഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന് കോടതിയില്‍ പല കാര്യങ്ങളും മാറ്റിപ്പറയേണ്ടിവരികയും ചെയ്ത സാഹചര്യത്തില്‍ ഇതിനപ്പുറം ഒന്നും സംഭവിക്കുമായിരുന്നില്ല. ഇത്രയും സാക്ഷികള്‍ കൂട്ടത്തോടെ കുറുമാറിയത് എന്തുകൊണ്ടെന്നും റുബാബുദ്ദീന് ചിലതെങ്കിലും മാറിപ്പറയേണ്ടിവന്നത് എന്തുകൊണ്ടെന്നുമാണ് ഈ വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി ചോദിക്കേണ്ടിയിരുന്നത്. അതൊന്നുമുണ്ടായില്ല. പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും മറ്റു തെളിവുകള്‍ പരിശോധിക്കുകയും ചെയ്ത് ആരോപിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പാകത്തിലുള്ളതാണോ ഇവയൊക്കെ എന്ന് നിശ്ചയിക്കുകയും ചെയ്യുക എന്ന യാന്ത്രിക പ്രക്രിയ മാത്രമേ ജഡ്ജിക്ക് നിര്‍വഹിക്കേണ്ടതായുള്ളൂ. അതിനപ്പുറത്ത് കേസ് അട്ടിമറിക്കാന്‍ സംഘടിത ശ്രമം കോടതിക്ക് പുറത്ത് നടന്നോ എന്നൊന്നും പരിശോധിക്കേണ്ട കാര്യമേയില്ല. സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കി, അവര്‍ക്ക് ഭയമില്ലാതെ മൊഴി നല്‍കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങേണ്ട സംഗതികളാണ്. ഉന്നത അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ ആരോപണവിധേയരാകുന്ന, അല്ലെങ്കില്‍ അത്തരക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികള്‍ ആരോപണ വിധേയരാകുന്ന കേസുകളിലാകുമ്പോള്‍ പ്രത്യേകിച്ചും.

ഒരു കാര്യത്തില്‍ ആശ്വസിക്കാം. സുഹ്‌റുബുദ്ദീന്‍ ശൈഖിനെയും തുളസി റാം പ്രജാപതിയെയും കൊലപ്പെടുത്തിയതാണെന്ന് ജഡ്ജി എസ് ജെ ശര്‍മ അര്‍ഥശങ്കയില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരുടെയും ശരീരത്തില്‍ ബുള്ളറ്റുകള്‍ തറച്ച രീതിയും പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകളും പരിഗണിക്കുമ്പോള്‍ സംഗതി കൊല തന്നെയാണെന്നാണ് വിധിയില്‍ പറയുന്നത്. എന്നാല്‍, ആ കൊലകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരോപണവിധേയരുടെ പട്ടികയില്‍ ശേഷിച്ച 22 പേരാണോ എന്ന് ഉറപ്പിക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറയുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) വേണ്ട വിധം തെളിവുകള്‍ ശേഖരിച്ചില്ലെന്നും കണ്ടെടുത്ത തെളിവുകള്‍ ഉപയോഗപ്പെടുത്തി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരമാവധി ശ്രമിച്ചുവെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

2005 നവംബറിന്റെ അവസാന ദിവസങ്ങളിലാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിനെ ആന്ധ്രാ പ്രദേശ് പോലീസിന്റെ സഹായത്തോടെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുക്കുന്നതും ഗുജറാത്തിലെത്തിച്ച് വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതും. ഒരു വര്‍ഷത്തിന് ശേഷം തുളസി റാം പ്രജാപതിയെ ‘ഏറ്റുമുട്ടലില്‍’ വധിക്കുന്നു. കേസുകളുടെ അന്വേഷണം സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സി ബി ഐ ഏറ്റെടുക്കുന്നത് 2010ലും. ഈ കാലതാമസം തെളിവു ശേഖരണത്തില്‍ സി ബി ഐക്ക് വെല്ലുവിളിയായിട്ടുണ്ടാകും. എന്നിട്ടും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും സുഹ്‌റാബുദ്ദീനെയും തുളസി റാം പ്രജാപതിയെയും വെടിവെച്ചവരെയും വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥരെയും അതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച രാഷ്ട്രീയ നേതാക്കളെയും കണ്ടെത്താന്‍ സി ബി ഐക്ക് സാധിച്ചിരുന്നു. അങ്ങനെയാണ് അമിത് ഷാ അടക്കമുള്ളവരെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുന്നത്. 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുവോളം കേസിനെ ഗൗരവത്തോടെ പിന്തുടരാന്‍ സി ബി ഐക്ക് സാധിക്കുകയും ചെയ്തു. അട്ടിമറി അരങ്ങേറുന്നത് അതിന് ശേഷമാണ്. അങ്ങനെയാണ് അമിത് ഷാ അടക്കമുള്ളവര്‍ വിചാരണ കൂടാതെ വിട്ടയക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്.

കേസില്‍ ആരോപണ വിധേയരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ സമര്‍പ്പിച്ച ഹരജി അംഗീകരിച്ച്, ആ ദേഹത്തെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതിയില്‍ ചോദ്യംചെയ്യണമെന്ന ചിന്ത പോലും സി ബി ഐക്ക് ഉണ്ടായില്ല. ഈ വിധി ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ച റുബാബുദ്ദീന്‍ ശൈഖ്, പിന്നീട് ഹരജി പിന്‍വലിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് സി ബി ഐ അപ്പീല്‍ നല്‍കാതിരുന്നത്? റുബാബുദ്ദീന്‍ ഹരജി പിന്‍വലിച്ചത് എന്തുകൊണ്ടാണ്? ഇത്തരം ചോദ്യങ്ങളൊന്നും ഇന്ത്യന്‍ യൂനിയനില്‍ ഉന്നയിക്കപ്പെട്ടതേയില്ല. അത്തരം ചോദ്യങ്ങളുന്നയിക്കാനുള്ള ധൈര്യം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യമെത്തി എന്ന് വേണം കരുതാന്‍. അധികാരം കൈയാളുന്നവരോട് ചോദ്യം ചോദിച്ച ചരിത്രം നമുക്കുണ്ടോ? അധികാരമൊഴിപ്പിക്കാന്‍ അവസരം വരുമ്പോള്‍ അതുപയോഗിക്കും. അധികാരമൊഴിഞ്ഞതിന് ശേഷം ചോദ്യങ്ങളുന്നയിക്കുകയും ചെയ്യും. അതാണല്ലോ ചരിത്രം. അധികാരമില്ലാതിരിക്കെ, അമിത് ഷായെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മടിക്കാത്തവര്‍, അധികാരത്തിന്റെ ഭാഗമായപ്പോള്‍ പ്രതിക്കൂടിന്റെ വാതില്‍ തുറന്നുകൊടുത്തതാണല്ലോ ഇവിടെയും കഥ.

എന്തായാലും സുഹ്‌റാബുദ്ദീന്റെയും തുളസിറാം പ്രജാപതിയുടെയും കഥ അവസാനിക്കുകയാണ്. കൊലപ്പെടുത്തിയതെന്ന് തിട്ടമുണ്ടായെങ്കിലും കൊലക്ക് ഉത്തരവാദികളാരെന്ന് തിട്ടമില്ലാതെ. അപ്പോള്‍ കൗസര്‍ ബിയെ നമ്മള്‍ എന്തു ചെയ്യും. സുഹ്‌റാബുദ്ദീനൊപ്പം ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പോലീസ് പിടികൂടി കൊണ്ടുവന്നിരുന്നു. അഹമ്മദാബാദിലെ ഫാം ഹൗസില്‍ ഇവരെ പാര്‍പ്പിച്ചതായി, ഫാം ഹൗസ് ഉടമ മൊഴി നല്‍കുകയും ചെയ്തിരുന്നു. അവിടെ നിന്ന് കൗസര്‍ ബി അപ്രത്യക്ഷയായി. അന്വേഷണം നടത്തിയവര്‍ക്കൊന്നും കണ്ടെത്താനാകാതെ. സുഹ്‌റാബുദ്ദീന്റെ ജീവനെടുത്ത പോലീസുകാര്‍ കൗസര്‍ ബിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ചുട്ടെരിച്ച് ചാരം പുഴയിലൊഴുക്കിയെന്നാണ് അന്വേഷണ ഏജന്‍സിയെത്തിയ നിഗമനം. ആ നിഗമനത്തെ സാധൂകരിക്കുന്നുണ്ടോ കോടതി വിധി? ഇല്ലെങ്കില്‍ കൗസര്‍ ബിക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടാനുള്ള ചുമതലയുണ്ട് ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്. 130 കോടിയിലേറെ വരുന്ന ജനസംഖ്യയിലെ ഓരോ അംഗത്തിനും ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുണ്ട്. കൗസര്‍ ബിക്കുമുണ്ട് ആ അവകാശങ്ങള്‍. അത് നിഷേധിക്കപ്പെടുമ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്.

നരേന്ദ്ര മോദിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടെത്തിയ ലശ്കറെ ത്വയ്യിബ സംഘത്തിലെ അംഗമായിരുന്നു സുഹ്‌റാബുദ്ദീന്‍ എന്നാണ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഡി ജി വന്‍സാര ഇപ്പോഴും അവകാശപ്പെടുന്നത്. സുഹ്‌റാബുദ്ദീനെ വധിച്ചില്ലായിരുന്നുവെങ്കില്‍ നരേന്ദ്ര മോദി കൊല്ലപ്പെടുമായിരുന്നുവെന്നും. ഈ വാദം തൊണ്ട തൊടാതെ വിഴുങ്ങാം നമുക്ക്, പക്ഷേ, ആ സംഘത്തില്‍ കൗസര്‍ ബിയുണ്ടായിരുന്നില്ലല്ലോ? അപ്പോള്‍ പിന്നെ ആ സാധു എവിടെപ്പോയി? അവര്‍ ഈ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷയായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദിയുണ്ടാകണമല്ലോ? അതു കണ്ടെത്താതിരിക്കെ, അന്വേഷണ ഏജന്‍സി മാത്രമല്ല പ്രതിസ്ഥാനത്തുനില്‍ക്കുന്നത്, നീതിന്യായ സംവിധാനം കൂടിയാണ്. സുഹ്‌റാബുദ്ദീനെയും തുളസിറാം പ്രജാപതിയെയും കൊലപ്പെടുത്തിയത് ആരെന്ന് അന്വേഷണ ഏജന്‍സിക്ക് തെളിയിക്കാനായില്ലെന്ന് വിധിയെഴുതിയ കോടതി, അതേ ന്യായം കൗസര്‍ ബിയുടെ കാര്യത്തിലും കണ്ടെത്തുകയാണോ?

കൗസര്‍ ബിയെ കാണാതാകുന്ന 2005 നവംബറില്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിനായിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതല. ആഭ്യന്തര വകുപ്പിന്റെ സഹമന്ത്രിയായിരുന്നു ബി ജെ പിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അമിത് ഷാ. നിസ്സഹായയായ ഒരു യുവതിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍, അവരുടെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്ന് കണ്ടെത്താന്‍ ഈ മഹാന്‍മാര്‍ എന്തുചെയ്തുവെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. 2014ല്‍ പ്രധാനമന്ത്രി പദമേല്‍ക്കും വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പുമാന്, നീണ്ട എട്ട് വര്‍ഷക്കാലം ഈ യുവതിയുടെ ജീവനെക്കുറിച്ച് യാതൊരു ആശങ്കയുമുണ്ടായില്ല. ആ ദേഹമാണ് 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഉത്കണ്ഠാകുലനായത്! ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക്, അന്വേഷണത്തിന്റെ ഉത്തരവാദിത്വമുള്ളവര്‍ക്ക്, നീതി നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ക്ക് ഒന്നും യാതൊരു മനഃക്ലേശവുമുണ്ടാക്കാതെ കൗസര്‍ ബി അപ്രത്യക്ഷയാകുകയോ കൊലചെയ്യപ്പെടുകയോ ചെയ്തുവെങ്കില്‍ ഇന്ത്യന്‍ യൂനിയന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശാധികാരങ്ങളൊക്കെ പാഴ് വാക്കുകളാണെന്ന് പറയേണ്ടിവരും. അതിനെ പാഴ് വാക്കുകളാക്കിയവര്‍ പരമാധികാരം കൈയാളുന്ന അവസ്ഥയില്‍ ജനാധിപത്യമെന്നത് പ്രഹസനമാണെന്നും.

2003 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ (വ്യാജ) ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലായിട്ട് വര്‍ഷങ്ങളായി. അന്വേഷണത്തിന് കോടതി തന്നെ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞു. സുഹ്‌റാബുദ്ദീനെയും തുളസിറാം പ്രജാപതിയെയും വെടിവെച്ച് കൊന്ന സംഭവം ആ അന്വേഷണത്തിലും ഉള്‍പ്പെടും. സാദിഖ് ജമാല്‍, ജാവീദ് ഗുലാം ശൈഖ്, ഇശ്‌റത് ജഹാന്‍ എന്ന് തുടങ്ങി ഗുജറാത്തിലെ തെരുവുകളില്‍ വെടിയേറ്റുവീണ നിരവധി ജീവനുകളെക്കുറിച്ചു കൂടിയുള്ള അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിന്‍മേല്‍ തീരുമാനമെടുക്കാന്‍ നമ്മുടെ പരമോന്നത കോടതിക്ക് സാധിച്ചിട്ടില്ല. ഈ ഹരജിയിലെ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത് അടുത്തിടെയാണ്. അതിന് പിറകെയാണ് സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസിലെ വിധി വരുന്നതും. അന്വേഷണം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞിട്ട് പന്ത്രണ്ടാണ്ട് പിന്നിട്ടിരിക്കുന്നു. ഇത്രയും കാലത്തിന് ശേഷം, അന്വേഷണം നടന്നാല്‍ തന്നെ തെളിവിന്റെ തുരുമ്പെങ്കിലും കണ്ടെത്തുക പ്രയാസം. ആകയാല്‍ അന്വേഷണം ആവശ്യമില്ലെന്ന് ഉത്തരവിട്ട് ഹരജികളിന്‍മേലുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ പരമോന്നത കോടതിക്ക് ദയവുണ്ടാകണം.

പരമാധികാരിയുടെ അധ്യക്ഷതയില്‍ അരങ്ങേറിയ ക്രൂരതകളെക്കുറിച്ചുള്ള അന്വേഷണങ്ങളൊന്നും ഫലം കാണില്ലെന്ന് മനസ്സിലാക്കാന്‍ ഇതുവരെയുള്ള കേസുകള്‍ തന്നെ ധാരാളം. ഇനി അഥവാ അന്വേഷിക്കണമെന്ന് തീരുമാനിച്ചാല്‍ തന്നെ, അതില്‍ കൗസര്‍ ബിയെന്ന ജീവന് എന്തു സംഭവിച്ചുവെന്ന് അന്വേഷണമുണ്ടാകില്ലല്ലോ! മണിപ്പൂരില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് ഏതളവില്‍ നടപ്പാക്കപ്പെട്ടുവെന്ന് കൂടി ബഹുമാനപ്പെട്ട ന്യായാധിപന്‍മാര്‍ പരിശോധിക്കണം. അതുകൂടി കണക്കിലെടുത്തുവേണം ഗുജറാത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഉത്തര്‍ പ്രദേശില്‍ അരങ്ങേറുന്ന ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വൈകാതെ പരമോന്ന കോടതിയുടെ മുമ്പിലെത്താന്‍ വഴിയുണ്ട്. അത്തരം ഹരജികള്‍ക്ക് സമയം ചെലവിടേണ്ടതില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാകണം വിധിയെന്ന് അഭ്യര്‍ഥിക്കുന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയാണ് ഉചിതം. ആ രാജാവിനെയും മന്ത്രിയെയും സംരക്ഷിക്കുന്നതാകണം ന്യായാസനം. അവിടെ സുഹ്‌റാബുദ്ദീന്റെയും തുളസി റാം പ്രജാപതിയുടെയും കൗസര്‍ ബിയുടെയും ജീവന്‍ അപ്രസക്തമാണ്. അത്തരക്കാര്‍ കൊല്ലപ്പെട്ടാല്‍ തന്നെ അതിന് ഉത്തരവാദികള്‍ ഉണ്ടാകേണ്ടതുമില്ല.