ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ശക്തിയാര്‍ജിക്കുന്നു

Posted on: December 24, 2018 4:04 pm | Last updated: December 24, 2018 at 4:04 pm

കോഴിക്കോട്: ഹര്‍ത്താലിനെതിരായ കൂട്ടായ്മ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. ശനിയാഴ്ച കൊച്ചിയില്‍ വിവിധ വ്യവസായ-വാണിജ്യ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനെടുത്ത തീരുമാനത്തിനൊപ്പം കോഴിക്കോട്ടും വിപുലമായ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. അടുത്ത മാസം ആദ്യത്തിലാണ് ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി കോഴിക്കോട്ട് വിപുലമായ കണ്‍വന്‍ഷന്‍ നടക്കുക. വിവിധ രാഷ്ട്രീയ സംഘടനകളേയും ജനപ്രതിനിധികളേയും കൂടി കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ അധ്യക്ഷതയില്‍ 36 ഓളം വ്യാപാരി-വ്യവസായി സംഘടനകളായിരുന്നു ഇക്കഴിഞ്ഞ 20ന് ഇത് സംബന്ധിച്ച് കോഴിക്കോട്ട് ചേര്‍ന്ന പ്രാഥമിക യോഗത്തില്‍ പങ്കെടുത്തിരുന്നത്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് 28ഓളം ടൂറിസം സംഘടനകളുടെ യോഗവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ‘എഗൈന്‍സ്റ്റ് ഹര്‍ത്താല്‍’ ക്യാമ്പയിനിനുളള ഒരുക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും വേണ്ടത്ര വിജയിച്ചിരുന്നില്ല. എന്നാല്‍, വ്യാപാര-വ്യവസായ മേഖലയിലാകെ മാന്ദ്യം ബാധിച്ച പുതിയ കാലത്ത് ഹര്‍ത്താല്‍ വിരുദ്ധ ക്യാമ്പയിനിന് വ്യാപാരികളില്‍ ഭൂരിഭാഗവും പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയ സംഘടനകളുമായും ജനപ്രതിനിധികളുമായും ഇത് സംബന്ധിച്ച് സജീവമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. പലരും അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹസത്തിന് മുതിരുമ്പോഴുള്ള സുരക്ഷയാണ് പ്രധാനം. ഇത് സംബന്ധിച്ച് പോലീസുമായും ചര്‍ച്ച നടത്തും. കൂടാതെ വ്യാപാരികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണ ശ്രമങ്ങളും നടക്കുന്നുണ്ട്. കോഴിക്കോട് മിഠായിത്തെരുവിലും മറ്റും കടകള്‍ക്ക് വ്യാപാരികള്‍ തന്നെ ഒറ്റക്കെട്ടായി സുരക്ഷയൊരുക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായി ഉടലെടുത്ത ഹര്‍ത്താല്‍ വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നറിയിച്ചുകൊണ്ടുള്ള കത്തുകള്‍ നല്‍കി വരുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ വിരുദ്ധ നീക്കങ്ങള്‍ക്കായി വ്യാപാരി വ്യവസായി സമിതിയുടേയും ഏകോപന സമിതിയുടേയും നേതൃത്വത്തില്‍ ശക്തമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.