Connect with us

Prathivaram

'നിലാമുറ്റം' നഗരം ചുറ്റുന്നു സാന്ത്വന നിലാവായ്...

Published

|

Last Updated

എല്ലാ മാസവും ഒന്നാം തീയതി “നിലാമുറ്റം” റോഡിലിറങ്ങുന്നതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ട്. പതിവ് ഓട്ടോ ഓടിക്കലില്‍ നിന്ന് വ്യത്യസ്തമായി സാരഥി സ്വാദിഖിന് അന്ന് പ്രത്യേക ഊര്‍ജവുമാണ്. അന്ന് “നിലാമുറ്റ”ത്തില്‍ കയറുന്നവരെല്ലാം യാത്രക്കൊപ്പം കാരുണ്യപ്രവര്‍ത്തനത്തില്‍ കൂടി പങ്കാളികളാകും. യാത്രയുടെ കൂലി ഡ്രൈവറുടെ കൈവശമല്ല അന്ന് കൊടുക്കേണ്ടത്, മറിച്ച് വണ്ടിയിലെ പ്രത്യേക പെട്ടിയിലാണ്. ചികിത്സിക്കാന്‍ പണമില്ലാതെ വ്യസനിക്കുന്ന കിടപ്പു രോഗികളുടെ കണ്ണീരൊപ്പാനാണ് ഈ പെട്ടിയിലെ പണം ഉപയോഗിക്കുക. മനസ്സില്‍ കാരുണ്യ ചിന്തകളുടെ ഉറവ വറ്റാത്ത മഹാമനസ്‌കരെയും കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ഓടുമ്പോള്‍ സ്വാദിഖിനാകട്ടെ പറഞ്ഞറിയിക്കാനാകാത്ത സായൂജ്യവും.

കാസര്‍കോട്ടെ കാഞ്ഞങ്ങാട് നഗരത്തില്‍ ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തുന്ന അമ്പലത്ത ഇരിയ സ്വദേശി പാറപ്പരുന്തടി സ്വാദിഖ് എന്ന യുവാവ് ഇന്ന് പലര്‍ക്കും സുപരിചിതനാണ്. എല്ലാ ഒന്നാം തീയതികളിലും ഓട്ടോ ഓടിച്ച് കിട്ടുന്ന വേതനം മുഴുവനായും അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ട് ചികിത്സിക്കാന്‍ പണമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്കായി മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ യുവാവ്. കഴിഞ്ഞ സെപ്തംബര്‍ ഒന്നാം തീയതിയാണ് “നിലാമുറ്റം” എന്ന് നാമകരണം ചെയ്ത മുച്ചക്ര വാഹനത്തില്‍ സഹായഭ്യര്‍ഥനയുടെ ഫഌക്‌സ് പതിച്ച് നിരത്തിലിറങ്ങിയത്. കാരുണ്യത്തിന്റെ കന്നി ഓട്ടത്തില്‍ എല്ലാവരും തങ്ങള്‍ക്കാവുന്ന രീതിയില്‍ സംഭാവനകള്‍ നല്‍കി. പതിവിന് വിപരീതമായി അന്ന് വൈകുവോളം യാതൊരു ക്ഷീണവുമില്ലാതെ ഓട്ടോ ഓടിക്കാന്‍ സാധിച്ചത് മഹത്തായൊരു സത്കര്‍മമാണ് ചെയ്യുന്നതെന്ന നിശ്ചയം ഒന്ന് കൊണ്ടു മാത്രമാണെന്ന് സ്വാദിഖ് പറയുന്നു.

അന്ന് പിരിഞ്ഞ തുകയത്രയും അമ്പലത്തറ പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ ഇരിയ മഹാത്മ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്റര്‍ ചെയര്‍മാന്‍ രാജന്‍ ബാലൂരിന് കൈമാറിയപ്പോള്‍ ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആത്മ സംതൃപ്തി അനുഭവിച്ചു ഈ യുവാവ്. പണം കൈമാറുന്ന വിശിഷ്ടാതിഥികളാണ് പെട്ടി പൊട്ടിക്കുക. ഇരിയയിലെ മഹാത്മ പബ്ലിക് സ്‌കൂളിന്റെ മാനേജര്‍ കൂടിയായ രാജന്‍ മാഷിന്റെ കാരുണ്യ രംഗത്ത് പതിറ്റാണ്ട് പിന്നിട്ട പ്രശംസാര്‍ഹമായ പ്രവര്‍ത്തനമാണ് നാട്ടിലെയും അയല്‍ പ്രദേശങ്ങളിലെയും കിടപ്പു രോഗികള്‍ക്ക് മാസത്തില്‍ ഒരു ദിവസത്തെ വേതനം കൊണ്ട് ആവുന്ന തരത്തില്‍ സാന്ത്വനമേകാനുള്ള തന്റെ തീരുമാനത്തിന് പ്രചോദനമായതെന്നാണ് ഈ യുവാവിന്റെ ഭാഷ്യം. നിര്‍ധന കുടുംബാംഗമായ സ്വാദിഖിന്റെ പിതാവ് പ്രായാധിക്യത്താലും മാതാവ് കിഡ്‌നി സംബന്ധമായ അസുഖത്താലും നാളേറെയായി ചികിത്സയിലാണ്. അതുകൊണ്ടുതന്നെ കിടപ്പുരോഗികളുടെ ദയനീയതയും കുടുംബത്തിന്റെ കഷ്ടപ്പാടുമെല്ലാം മറ്റാരേക്കാളുമുപരി സ്വാദിഖിന് അറിയാം.

സാമ്പത്തിക പരാധീനതകളാല്‍ ചികിത്സ വഴിമുട്ടി മരണം കാത്തുകഴിയുന്ന രോഗികളുടെ കണ്ണീരൊപ്പാനുള്ള മകന്റെ തീരുമാനത്തെ പ്രാരാബ്ധങ്ങള്‍ക്കിടയിലും മാതാപിതാക്കള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മാസത്തിലൊരു തവണ ഉമ്മയെ ഡയാലിസിസിനായി കോഴിക്കോട് കൊണ്ടുപോകുന്ന യാത്രയില്‍ പലപ്പോഴും ഉമ്മയെ പോലുള്ള രോഗികളുടെ സാമ്പത്തിക സ്ഥിതിയിലുള്ള നിസ്സഹായാവസ്ഥയെ കുറിച്ച് ആലോചിക്കാറുണ്ട്. വേണ്ടവിധം ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ കുടുംബങ്ങളുടെ തോരാത്ത കണ്ണീര്‍ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന് ചെറിയ തോതിലാണെങ്കിലും നന്മ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയായാലും കൂടുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മേഖലകളില്‍ പങ്കാളിയാവണമെന്നുമാണ് യുവജനതയോടുള്ള ഈ യുവാവിന്റെ ഉപദേശം. ആരോഗ്യമുള്ള കാലമത്രയും മാസാദ്യ ദിവസത്തെ തന്റെ അധ്വാനം രോഗികളുടെ ചികിത്സക്കായി വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന്, ഭാര്യ ജസീലക്കും മക്കളായ മുഹമ്മദ് യാസീന്‍, മുഹമ്മദ് സാജിര്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കുമൊപ്പം കാരുണ്യവഴിയില്‍ മാതൃകയായ ഈ ഇരുപത്തിയൊമ്പതുകാരന്‍ വ്യക്തമാക്കുന്നു.
.

Latest