തണല്‍

കഥ
Posted on: December 23, 2018 10:11 am | Last updated: December 23, 2018 at 10:11 am

ഇന്ന് ജോലിയുണ്ടാകുമെന്ന് കരുതിയതല്ല. അതിരാവിലെ വന്നു ബോസിന്റെ വിളി: ‘പെട്ടെന്നൊരു വര്‍ക് ഓര്‍ഡര്‍ കിട്ടി. വരണം.’ സ്ഥലവും സമയവും ചോദിച്ചറിഞ്ഞ് ബൈക്കിന്റെ കിക്കറില്‍ കാലുവെച്ചതും ഭാര്യ അകത്തുനിന്ന് വിളിച്ചുപറഞ്ഞു: വാടക കൊടുക്കാനുള്ള അവസാന ദിവസവും കഴിഞ്ഞു. ഇനിയും താമസിച്ചാല്‍ ഇറങ്ങിക്കൊടുക്കണമെന്ന് വീട്ടുടമസ്ഥന്‍ തീര്‍ത്തുപറഞ്ഞിട്ടുണ്ട്. മറുപടി നല്‍കാതെ ബൈക്ക് അതിവേഗം ഓടിച്ചുപോകുകയായിരുന്നു. എല്ലാവരുടെയും മുഖത്ത് ഉറക്കക്ഷീണമുണ്ട്. ജോലിയില്ലെന്ന് ഇന്നലെ മുതലാളി പറഞ്ഞതാണ്. ഉന്മേഷക്കുറവ് കണ്ടിട്ടാവണം മുതലാളി അല്പം ഒച്ചയെടുത്തു. വസ്ത്രം മാറിവന്നപ്പോള്‍ മുതലാളി ജോലിയെ കുറിച്ച് വിശദീകരിച്ചു. ‘ഈ നില്‍ക്കുന്ന മരം മുറിക്കണം.’ കാതലുള്ള ആഞ്ഞിലി. ‘വീട്ടുപണിക്കോ മറ്റോ ആണ്. ഏതായാലും താഴെയിടണം.’

യന്ത്രവാളുകള്‍ മുരള്‍ച്ചയോടെ തായ്ത്തടിയിലേക്ക് ആഴ്ന്നിറങ്ങി. വാളിന്റെ പല്ലുകള്‍ ചോരയിറ്റുന്ന ദംഷ്ട്രകള്‍ പോലെ തോന്നിച്ചു. വലിയ ശബ്ദത്തോടെ മരം തലതല്ലി ഭൂമിയില്‍ പതിച്ചപ്പോള്‍ കുറേ മുട്ടകളും ചിന്നിച്ചിതറി. ‘കഷ്ടം!’ കൂട്ടത്തില്‍ നിന്നൊരാള്‍ ദീര്‍ഘനിശ്വാസമെടുത്തു. സമയം കളയാതെ യന്ത്രസഹായത്തോടെ തന്നെ മരം പല കഷണങ്ങളാക്കി. അപ്പോഴാണ്, ഒരു കിളിയുടെ ശബ്ദം. അതിന്റെ ചുണ്ടില്‍ തൂവലുകളുണ്ട്. കൂട് അലങ്കരിക്കാനാകണം. മുറിച്ച മരം നിന്നതിന്റെ തൊട്ടടുത്തുള്ള മരത്തിലേക്ക് തന്റെ കൂടാണെന്ന് കരുതി അത് ചെന്നുകയറി. ഉടനെ തിരിച്ചുപറന്നു. തന്റെ കൂട് നഷ്ടമായെന്ന് അതിന് മനസ്സിലായെന്ന് തോന്നുന്നു. കൂട് കാണാത്തതിന്റെ ദേഷ്യവും സങ്കടവും നിരാശയും പല ശബ്ദങ്ങളിലായി അത് തൊണ്ടപൊട്ടുമാറ് പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍! അല്ലെങ്കിലും മനുഷ്യന്റെ ചെവികള്‍ ചില ശബ്ദങ്ങള്‍ കേള്‍ക്കില്ലല്ലോ.

മുതലാളി തന്ന കാശ് എണ്ണി വേഗം വീട്ടിലേക്ക് മടങ്ങുകയാണ്. കിളികളും കൂടും മരവുമൊക്കെ മറന്നു. പോരാത്തതിന് നല്ല മഴയുമുണ്ട്. കുറച്ചുസമയം ഒരിടത്തു കയറി നിന്നു. മഴതോരുന്ന ലക്ഷണമില്ല. നനയുക തന്നെ. നശിച്ച മഴ. മഴത്തുള്ളികള്‍ കണ്ണിലേക്ക് ചെറുകല്ലുകള്‍ പോലെ തെറിക്കുന്നു.. മുന്നിലുള്ളതൊന്നും കാണാന്‍ വയ്യ. മഴത്തുള്ളി ചിലപ്പോഴങ്ങനെയാണ്, മുറിവേല്‍പ്പിക്കും. എല്ലാം സഹിച്ച് ഒരുവിധം വീട്ടിലെത്തിയപ്പോഴതാ പരിസരം നിറയെ ആള്‍ക്കാര്‍. ഉള്ളൊന്നു കാളി. മരം മുറി ശബ്ദവും കേള്‍ക്കുന്നു. ദൈവമേ.. പിന്നാമ്പുറത്തുള്ള പ്ലാവ് കടപുഴകിയോ? എന്റെ മക്കള്‍, ഭാര്യ, വീട്.. ഭൂമി കീഴ്‌മേല്‍ മറിയുകയാണോ? മഴയായിട്ടും വെട്ടിവിയര്‍ക്കുന്നുവല്ലോ? ആളുകള്‍ പിറുപിറുക്കുന്നുണ്ട്. ആരോ വന്ന് കൈകള്‍ ചേര്‍ത്തുപിടിച്ചു. അപ്പോഴാണ് അപ്പുറത്തെ ദാസന്റെ വീട്ടിലേക്ക് നോക്കിയത്. ആ വീട് നിന്നിടത്ത് ഓടിന്റെയും പലകയുടെയും കൂമ്പാരം കിടക്കുന്നു. മുത്തശ്ശി മാവ് ദാസന്റെ വീടിനെ കൂട്ടിപ്പിടിച്ച് കിടക്കുന്നുവെന്നേ തോന്നൂ. ദാസനും കുടുംബവും ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും അവരുടെ കണ്ണുകളില്‍ ഭയം നിറഞ്ഞുതുളുമ്പുന്നുണ്ട്.

ഭാര്യയെ വിളിച്ച് അന്നത്തെ കൂലി അവളുടെ കൈകളില്‍ ഏല്‍പ്പിച്ചു. ‘ഞാന്‍ കരുതി നമ്മുടെ വീടാണ് തകര്‍ന്നതെന്നാണ്.’ ‘പിന്നാമ്പുറത്തെ പ്ലാവ് വീഴെങ്കില്‍ വീഴട്ടെ. ഇത് വാടകവീടല്ലേ.’ അവളുടെ മറുപടി അതായിരുന്നു. അടുത്ത് മറ്റാരുമില്ലെന്ന് ഉറപ്പിച്ച് അവള്‍ കാതില്‍ മന്ത്രിച്ചു: ‘ബേങ്ക് മാനേജര്‍ വിളിച്ചിരുന്നു. നമ്മുടെ ഹൗസിംഗ് ലോണ്‍ ശരിയായെന്ന്. അടുത്ത മാസം തന്നെ പണി തുടങ്ങാം..’ അതും പറഞ്ഞ് അവള്‍ ദാസന്റെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ പോയി. ഒന്നും പറയാന്‍ തോന്നിയില്ല. കാറ്റും മഴയും അടങ്ങിയിരുന്നില്ല. അപ്പോഴുണ്ട് രാവിലെ മുതല്‍ കേള്‍ക്കുന്ന ആ ശബ്ദം വീണ്ടും. കാലങ്ങളായി ഭൂമിയില്‍ വേരാഴ്ത്തിയ ഒരു മരം കൂടി നിലംപൊത്തുന്ന ഒച്ച. ഞാന്‍ ജനലിലൂടെ വെളിയിലേക്ക് നോക്കി. പകലതാ രാത്രിക്ക് വഴിമാറുന്നു.
.