ക്ഷയ രോഗി

കവിത
Posted on: December 23, 2018 10:06 am | Last updated: December 23, 2018 at 10:41 am

കവല നിറയെ ക്ഷയ രോഗികള്‍
ഓഫീസുകളില്‍, കലാലയങ്ങളില്‍,
ഉദ്യാനങ്ങളില്‍, കോടതിയില്‍, മീഡിയയില്‍…
തലയുയര്‍ത്താനാകാതെ
വിരലനക്കാന്‍ കഴിയാതെ
ഉറക്കെയൊന്നു കുരക്കാന്‍
ത്രാണിയില്ലാതെ
ചുമച്ചു നീങ്ങുന്നുണ്ട്
തേച്ചുമിനുക്കിയ ക്ഷയരോഗികള്‍.
ഉദരം പേറുന്ന നീര്‍മുകുളങ്ങളില്‍
ബാക്ടീരിയകള്‍ തിളച്ചു മറിയുന്നു.
നട്ടെല്ല് വളച്ചും നെഞ്ചകം പിളര്‍ത്തിയും
ചുമക്കൊപ്പം പുറത്തെടുക്കുന്ന കഫക്കട്ടകളില്‍
ഭക്ത വിധേയത്വത്തിന്റെ കൊടിയടയാളങ്ങളുണ്ട്.
പൊള്ളുന്ന പനികളില്‍
പ്രതിരോധം പാളിയവന്റെ
ദീനരോദനങ്ങളുമുണ്ട്.
താഴോട്ടോടുന്ന തുലാഭാര
സൂചിയില്‍ ശോഷിച്ചുണങ്ങിയ
മൂല്യബോധങ്ങള്‍ കാണാം.
കലങ്ങിയ കണ്ണുകള്‍ മൗന സമ്മതങ്ങളും
നിവരാത്ത ശിരസ്സുകള്‍
ക്രോശിച്ചെത്തുന്ന രഥ മേളങ്ങള്‍ക്കു
സ്വയം പാതയൊരുക്കലുമാണ്.
ധാര്‍ഷ്ട്യം നിറഞ്ഞ ചിരിക്കോണുമായി
നീട്ടിത്തുപ്പാനൊരുങ്ങിയവന്റെ
മുന്നില്‍ നിരത്തി വെച്ചിട്ടുണ്ട്,
കുറേയധികം സാമ്പിള്‍ കുപ്പികള്‍.
.