നടപ്പുകാല കലാഘോഷം

അഞ്ച് വലിയ വലകള്‍ മുകളില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അതില്‍ കമിഴ്ത്തിയും നേരെയും കുപ്പികള്‍ നിറച്ചിട്ടുണ്ട്. അഞ്ച് കപ്പലുകളില്‍ ഉണ്ടായിരുന്ന അടിമകളുടെ പേരുകള്‍ ഈ കുപ്പികളില്‍ ആലേഖനം ചെയ്തിരിക്കുന്നു. വലയില്‍ നിന്നും കുപ്പികള്‍ താഴേക്ക് ഊര്‍ന്നിറങ്ങും വിധമാണ് സൃഷ്ടി. അതിലൂടെ വെള്ളം ഇറ്റിക്കൊണ്ടിരിക്കുന്നു. കറുത്ത വര്‍ഗക്കാരെ കൂട്ടത്തോടെ വേട്ടയാടി കപ്പലുകളില്‍ നിറച്ച് അമേരിക്കയിലെ തുറമുഖത്തിറക്കുന്നതാണ് ഇന്‍സ്റ്റലേഷനിലൂടെ 77 കാരിയായ സ്യൂ വില്യംസണ്‍ അവതരിപ്പിക്കുന്നത്. നൂറിലേറെ ദിവസങ്ങളിലായി കൊച്ചിയില്‍ അരങ്ങേറുന്ന മുസിരിസ് ബിനാലെയുടെ കാഴ്ചകള്‍ ഇങ്ങനെയൊക്കെയാണ്...
Posted on: December 23, 2018 9:55 am | Last updated: December 23, 2018 at 9:55 am

വന്‍കരകളിലെ കലകള്‍ മനുഷ്യനോടും പ്രകൃതിയോടും സംവദിക്കുന്നത് എങ്ങനെയായിരിക്കും? വര്‍ത്തമാനകാലത്തിന്റെ കെട്ട വ്യവസ്ഥിതിയോട്, കടന്നുകയറ്റത്തോട്, അക്രമണോത്സുകതയോട് തുടങ്ങി അമാനവികമെന്ന് വിളിക്കപ്പെടുന്ന എല്ലാറ്റിനോടും മനുഷ്യഭാവനയും കലയും എങ്ങനെയാണ് പോരില്‍ ഏര്‍പ്പെട്ടതെന്ന് അറിയാന്‍ കൊച്ചിയിലെ ബിനാലെ കാഴ്ചകളിലേക്ക് എത്തിനോക്കിയാല്‍ മതി. അത്ഭുതങ്ങളുടെ ലോകം തുറന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. മാര്‍ച്ച് 29 വരെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവടങ്ങളിലെ 10 വേദികളിലായാണ് കണ്ണ് തുറപ്പിക്കുന്ന കാഴ്ചകള്‍ അരങ്ങേറുന്നത്. പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാര്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആസ്പിന്‍വാള്‍ ഹൗസ് ആണ് പ്രധാനവേദി. ദര്‍ബാര്‍ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എം എ പി പ്രൊജക്ട്‌സ് സ്‌പേസ്, ടി കെ എം വെയര്‍ഹൗസ് എന്നിവയാണ് മറ്റ് വേദികള്‍.

മെസേജസ് ഫ്രം ദി അറ്റ്‌ലാന്റിക് പാസേജ് എന്ന സൃഷ്ടിക്ക് മുന്നില്‍ ആര്‍ട്ടിസ്റ്റ് സ്യൂ വില്യംസണ്‍

അറ്റ്‌ലാന്റിക് ഇടനാഴിയില്‍ നിന്നുള്ള സന്ദേശങ്ങള്‍
പതിനാറാം നൂറ്റാണ്ട് മുതല്‍ ആഫ്രിക്കയില്‍ നിന്നും അടിമകളെ അമേരിക്കയിലേക്ക് കടത്തുന്ന കച്ചവടത്തിന് നല്‍കിയിരുന്ന പേരാണ് അറ്റ്‌ലാന്റിക് പാസേജ്. മുന്നൂറ് വര്‍ഷത്തിലേറെ നിലനിന്ന മാനവരാശിയിലെ ഈ കറുത്ത ഏടിനെ ഓര്‍മക്കുഴികളിലേക്ക് തള്ളാതെ ഭീകരത ഒട്ടുംചോരാതെയുള്ള കലാവിഷ്‌കാരം നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ആര്‍ട്ടിസ്റ്റായ സ്യൂ വില്യംസണ്‍, മെസേജസ് ഫ്രം ദി അറ്റ്‌ലാന്റിക് പാസേജ് എന്ന ഇന്‍സ്റ്റലേഷനിലൂടെ. ആസ്പിന്‍വാള്‍ ഹൗസില്‍ രണ്ടിടങ്ങളിലായാണ് സ്യൂ വില്യംസന്റെ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. മൃഗങ്ങളെ കടത്തുന്നതിനെക്കാള്‍ പരിതാപകരമായി നീണ്ട 300 വര്‍ഷത്തിലേറെ 32,000 കപ്പല്‍ യാത്രകളിലൂടെയാണ് വില്‍പ്പനക്ക് വേണ്ടി, തൊലിനിറം കറുപ്പായി എന്നതിന്റെ പേരില്‍ മാത്രം ആഫ്രിക്കന്‍ തദ്ദേശീയരെ അമേരിക്കയിലേക്കെത്തിച്ചത്. ദിവസങ്ങളും മാസങ്ങളും നീണ്ട യാത്രകള്‍. ഇതിനായി ഉപയോഗിച്ച ദക്ഷിണാഫ്രിക്കയിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പഴയ കപ്പല്‍ രേഖകള്‍ അടിസ്ഥാനമാക്കിയാണ് ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. കൃത്യമായ യാത്രാ രേഖകളുള്ള ടിറ്റ, ലിബ്രാള്‍, മനുവാലിറ്റ, സെര്‍ക്‌സെസ്, ഫയര്‍മീ എന്നീ കപ്പലുകളുടെ പ്രതീകാത്മക സൃഷ്ടിയാണ് മെസേജസ് ഫ്രം ദി അറ്റ്‌ലാന്റിക് പാസേജ്. ഈ കപ്പലുകളുടെ വിവരങ്ങള്‍ തടിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അഞ്ച് വലിയ വലകള്‍ മുകളില്‍ നിന്നും താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അതില്‍ കമിഴ്ത്തിയും നേരെയും കുപ്പികള്‍ നിറച്ചിട്ടുണ്ട്. അഞ്ച് കപ്പലുകളില്‍ ഉണ്ടായിരുന്ന അടിമകളുടെ പേരുകള്‍ ഈ കുപ്പികളില്‍ ആലേഖനം ചെയ്തിരിക്കുന്നു. വലയില്‍ നിന്നും കുപ്പികള്‍ താഴേക്ക് ഊര്‍ന്നിറങ്ങും വിധമാണ് സൃഷ്ടി. അതിലൂടെ വെള്ളം ഇറ്റിക്കൊണ്ടിരിക്കുന്നു. കറുത്ത വര്‍ഗക്കാരെ കൂട്ടത്തോടെ വേട്ടയാടി കപ്പലുകളില്‍ നിറച്ച് അമേരിക്കയിലെ തുറമുഖത്തിറക്കുന്നതാണ് ഇന്‍സ്റ്റലേഷനിലൂടെ 77 കാരിയായ സ്യൂ വില്യംസണ്‍ അവതരിപ്പിക്കുന്നത്. ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ സ്യൂ, വര്‍ണ വിവേചനത്തിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ട്. വര്‍ണവിവേചനത്തിനെതിരെ 70കളില്‍ നടന്ന ആഫ്രിക്കന്‍ കലാകാരന്മാരുടെ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളി കൂടിയായിരുന്നു.

പാംഗ്രോക് സുലാപ് കലാ സംഘം തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നു

പലകമേല്‍ എടുത്തുചാടി പാംഗ്രോക്ക് സുലാപ്
മട്ടാഞ്ചേരിയിലെ ആനന്ദ് വെയര്‍ ഹൗസിലെ ബിനാലെ വേദിയില്‍ എത്തിയാല്‍ സന്ദര്‍ശകരെല്ലാം ആദ്യമൊന്ന് ആശങ്കപ്പെടും. പലകമേല്‍ തുണിയിട്ട് അതിന് മുകളില്‍ ചാടുകയാണ് മലേഷ്യന്‍ കലാസംഘമായ പാംഗ്രോക്ക് സുലാപ്. വെറുതെയുള്ള ചാട്ടമല്ല. പലകയുടെ മുകളില്‍ ചിത്രപ്പണികള്‍ ആലേഖനം ചെയ്ത് അത് തുണിയിലേക്ക് പതിപ്പിക്കുന്നതാണ് ഇവരുടെ സൃഷ്ടി. അതിനായി ആദ്യം പലകയില്‍ രൂപങ്ങള്‍ കൊത്തിയുണ്ടാക്കും. പിന്നീട് അതിന് മുകളില്‍ മഷി പുരട്ടി തുണിവിരിക്കും. ഈ തുണിയുടെ മുകളില്‍ നൃത്തം ചെയ്യുമ്പോള്‍ പലകയില്‍ നിന്ന് പതിയുന്ന മഷിയിലൂടെ തുണിയില്‍ രൂപമുണ്ടാകും. സാഹോദര്യവും സഹവര്‍ത്തിത്വവും പ്രകൃതി പരിപാലനവുമെല്ലാം അടങ്ങിയ ഈ കലാ പ്രമേയം സന്ദര്‍ശകരിലേക്കെത്തിക്കുകയാണ് കൗതുകകരമായ ഇന്‍സ്റ്റലേഷനിലൂടെ.

മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് 1700 കി.മീ. കിഴക്ക് റാണവു ജില്ലയില്‍ 2010ലാണ് പാംഗ്രോക്ക് സുലാപ് എന്ന കലാസംഘം പിറവിയെടുത്തത്. പങ്ക്‌റോക്ക് സംഗീതവും റാണവുവിലെ സബാഹ് വംശജരുടെ കുടിലായ സുലാപ് എന്ന വാക്കും കൂട്ടിച്ചേര്‍ത്താണ് പാംഗ്രോക്ക് സുലാപ് എന്ന സംഘത്തിന് രൂപം നല്‍കിയത്. സമൂഹത്തില്‍ സാധാരണമായതും തുടര്‍ന്നു പോരുന്നതുമായ ദൃശ്യങ്ങളാണ് ഇവര്‍ തുണിയില്‍ പതിപ്പിക്കുന്നത്. പാങ്ക് റോക്ക് സംഗീതമാണ് നൃത്തം ചെയ്യുന്നതിനു കേള്‍പ്പിക്കുന്നത്. തുടക്കത്തില്‍ ജീവകാരുണ്യ ലക്ഷ്യങ്ങള്‍ക്കായാണ് ഈ കലാസംഘം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പ്രാദേശിക സമൂഹത്തിന്റെ ശാക്തീകരണത്തിന് കല ഉപയോഗിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി. അങ്ങനെ ഒരു സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ സംഘത്തില്‍ നിന്നാണ് തടിയില്‍ ചിത്രങ്ങള്‍ കൊത്തിയുണ്ടാക്കുന്ന വിദ്യ പഠിച്ചതെന്ന് ഇവര്‍ പറയുന്നു. പിന്നീട് അത് തുണിയിലേക്ക് പകര്‍ത്തുന്ന കലാവിഭാഗമായി അവതരിപ്പിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലെ മുന്നേറ്റങ്ങളുടെ വലിയ ചരിത്രം, തടി ഉപയോഗിച്ചുള്ള ഈ ചിത്രരചനക്കുണ്ട്.

താനിയ കാന്ദിയാനി സ്ട്രിംഗ് ലൂപ്പിന് സമീപം

കേരളവും മെക്‌സിക്കോയും
ഒന്നിച്ചൊരു സംഗീത അപാരത
മെക്‌സിക്കന്‍ കലാകാരിയായ താനിയ കാന്ദിയാനി ഒരുക്കിയ സംഗീതോപകരണമായ സ്ട്രിംഗ് ലൂപ്പ് നിര്‍മിച്ചത് വസ്ത്രം നെയ്യുന്ന തറിയിലാണ്. നിലവിലില്ലാത്ത സംഗീതോപകരണമെന്ന മുഖവുരയോടെയാണ് താനിയ തന്റെ സൃഷ്ടിയെ പരിചയപ്പെടുത്തുന്നത്. ഇവര്‍ സ്വന്തമായി സൃഷ്ടിച്ചതാണ് ഈ സംഗീതോപകരണം. മലയാളി കലാകാരന്മാരായ റെനീഷ് റെജു, വിനയ് മുരളി, മെക്‌സിക്കന്‍ കലാകാരനായ കാര്‍ലോസ് ചിന്‍ചിലാസ് എന്നിവര്‍ ചേര്‍ന്ന് 100 വര്‍ഷം പഴക്കമുള്ള ഉപയോഗശൂന്യമായ തറി സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. കോഴിക്കോട് നിന്നാണ് തറി എത്തിച്ചത്. നൂലുകള്‍ ഉണ്ടായിരുന്നിടത്ത് സിത്താര്‍ കമ്പികള്‍ ഘടിപ്പിച്ചു. അതില്‍ ബിര്‍ച്ച് മരം കൊണ്ടുണ്ടാക്കിയ സൗണ്ട് ബോക്‌സും ഒരുക്കി. തറിയുടെ താളം നിലനിര്‍ത്തിയാണ് ഇതുണ്ടാക്കിയത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ റെനീഷ് ഗിറ്റാറിസ്റ്റും ചേന്ദമംഗലം സ്വദേശിയായ വിനയ് വയലിന്‍ നിര്‍മാതാവുമാണ്.

ബിനാലെയുടെ ആദ്യ ദിനം തന്നെ ഈ സംഗീതോപകരണത്തിന്റെ പ്രകടനവും താനിയ നടത്തി. വിവിധ ശബ്ദങ്ങള്‍ ഈണമായി മാറുന്നത് കേവലം ശ്രവ്യാനുഭവം മാത്രമല്ല, അതിശയിപ്പിക്കുന്ന കാഴ്ച കൂടിയായി. തുകല്‍, കനം കുറഞ്ഞ തടി എന്നിവ കൊണ്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും വിരലുകള്‍ കൊണ്ടും ഇത് വായിക്കാം. സന്ദര്‍ശകര്‍ക്കും ഉപകരണം വായിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ബിനാലെയില്‍ എത്തുന്ന സംഗീത വിദഗ്ധരുമായി ചേര്‍ന്ന് ഈ ഉപകരണത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് താനിയ. രണ്ട് ദേശങ്ങളിലെ തറികള്‍ ചേര്‍ത്തുണ്ടാക്കിയ സംഗീതോപകരണത്തിന് രണ്ട് ദേശങ്ങളുടെ സംഗീതത്തെയും കൂട്ടിയിണക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണിവര്‍. വിവിധ ഭാഷകള്‍, സാങ്കേതിക വിദ്യ, സംഗീതം എന്നിവ കൂട്ടിയിണക്കി കൊണ്ടുള്ള കലാസൃഷ്ടിയാണ് താനിയയുടെ പ്രത്യേകത. ഗോര്‍ഡാസ് എന്ന സൃഷ്ടിയിലൂടെയാണ് അന്താരാഷ്ട്ര രംഗത്ത് താനിയ പ്രശസ്തയായത്. 2011ല്‍ ഗ്യുഗെന്‍ഹെം ഫെല്ലോഷിപ്പ് കരസ്ഥമാക്കി. 2012 മുതല്‍ മെക്‌സിക്കോയിലെ നാഷണല്‍ സിസ്റ്റം ഓഫ് ആര്‍ട്ട് അംഗമാണ്. പോളണ്ട്, യു കെ, ഓസ്ട്രിയ, അമേരിക്ക, കൊളംബിയ, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, സ്ലോവേനിയ, ജപ്പാന്‍, ഈജിപ്ത്, ലിത്വാനിയ എന്നിവടങ്ങളില്‍ താനിയ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
.