Connect with us

Articles

'ഭ്രാന്തന്‍ നായ' വൈറ്റ് ഹൗസ് വിടുമ്പോള്‍

Published

|

Last Updated

ഒടുവില്‍ ജെയിംസ് മാറ്റിസും ട്രംപിനെ കൈയൊഴിയുകയാണ്. പ്രസിഡന്റ് പദത്തില്‍ പാതിവഴി പിന്നിടുമ്പോഴേക്കും 43 പ്രമുഖരാണ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെച്ച് പോയത്. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ്, യു എന്‍ സ്ഥാനപതി നിക്കി ഹാലെ, ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസേര്‍ട്ട്, വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍, ജെയിംസ് മാറ്റിസ്…. ഇറങ്ങിപ്പോയവരുടെ നിര നീളുന്നു. ദിശ തെറ്റി കടലില്‍ അലയുന്ന കപ്പലിലെ പരാജിതനും അപഹാസ്യനും ഏകനുമായ കപ്പിത്താന്റെ മുഖമാണ് ട്രംപിനിപ്പോള്‍.

വല്ലാത്ത മാനസിക പൊരുത്തമുള്ളവരായിരുന്നു ട്രംപും മാറ്റിസും. അവരുടെ “വേവ് ലംഗ്ത്” അത്രക്ക് കൃത്യമായിരുന്നു. ട്രംപിന്റെ വിധ്വംസക സൈനിക, വിദേശ നയങ്ങളോട് അണുവിട വ്യതിയാനം പുലര്‍ത്താത്ത പ്രതിരോധ സെക്രട്ടറിയായിരിക്കും മാറ്റിസെന്നാണ് രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം ചുമതലയേറ്റപ്പോള്‍ മാധ്യമങ്ങള്‍ വിലയിരുത്തിയത്. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തു വന്നിരുന്നു. ആര്‍ക്കും മെരുങ്ങാത്ത, എങ്ങോട്ട് ചായുമെന്ന് ഒരിക്കലും പറയാനാകാത്ത ഒരു മനുഷ്യന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ കൂടെ നില്‍ക്കുകയെന്നത് ദുഷ്‌കരമാണ്, മാറ്റിസിനെപ്പോലെയൊരാള്‍ക്ക്‌പോലും. സിറിയയില്‍ നിന്ന് യു എസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് മാറ്റിസിന്റെ രാജിക്ക് അടിയന്തര കാരണമായി പറയുന്നത്. അത് പുറത്ത് വന്ന കാരണം മാത്രമാണ്. കാരണങ്ങളുടെ പരമ്പരയില്ലാതെ ജെയിംസ് നോര്‍മന്‍ മാറ്റിസ് (ജിം മാറ്റിസ്) ഡൊണാള്‍ഡ് ട്രംപിനെ കൈവിടില്ല. രാജിക്കത്ത് തയ്യാറാക്കി പോക്കറ്റില്‍ സൂക്ഷിച്ചാണ് മാറ്റിസ് വ്യാഴാഴ്ച ട്രംപിനെ കാണാന്‍ പോയത്. സിറിയന്‍ വിഷയത്തിലടക്കം തന്റെ വിയോജിപ്പ് പ്രസിഡന്റിനെ അറിയിച്ചു. ട്രംപ് ഒരക്ഷരം മിണ്ടിയില്ല. എന്തുകൊണ്ട് സിറിയന്‍ പിന്‍മാറ്റമെന്ന് വിശദമാക്കുന്ന വീഡിയോ പ്ലേ ചെയ്ത് കൊടുത്തു. ഒടുവില്‍ രാജിക്കത്ത് വാങ്ങി ഹസ്തദാനം ചെയ്തു. ഉടന്‍ വന്നു, ട്രംപിന്റെ ട്വീറ്റ്: രണ്ട് വര്‍ഷത്തെ സേവനത്തിന് നന്ദി. ജെയിംസ് മാറ്റിസ് പടിയിറങ്ങുന്നു.

ഭ്രാന്തന്‍ നായയെന്നാണ് മാറ്റിസിന്റെ വിളിപ്പേര്. “ചിലരെ വെടിവെച്ചിടുകയെന്നത് രസകരമായ കാര്യമാണ്” എന്ന് തുറന്ന് പറഞ്ഞയാളാണ്. യുദ്ധോത്സുകതയും ചോരക്കൊതിയും ക്രൂരമായ നിലപാടുകളും പരസ്യമായി ആവര്‍ത്തിക്കുകയും അത് നിരന്തരം പ്രയോഗവത്കരിക്കുകയും ചെയ്തയാള്‍. ചട്ടങ്ങളെയും കീഴ്‌വഴക്കങ്ങളെയും നോക്കുകുത്തിയാക്കിയാണ് ജെയിംസ് മാറ്റിസിനെ പ്രതിരോധ സെക്രട്ടറിയായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 2017 ജനുവരിയില്‍ ഓഹിയോയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂറ്റന്‍ റാലിയില്‍ ഇക്കാര്യം പ്രഖ്യാപിക്കുമ്പോള്‍ ട്രംപിന്റെ മുഖത്ത് ക്രൂരമായ ഒരു ആനന്ദം കളിയാടിയിരുന്നു. “ഇനി മാഡ് ഡോഗിന്റെ സമയമാ”ണെന്ന പദപ്രയോഗം തന്നെ അദ്ദേഹം നടത്തി. 1991ലെ ഗള്‍ഫ് യുദ്ധ സമയത്തും 2001ലെ അഫ്ഗാന്‍ അധിനിവേശ സമയത്തും യു എസ് സൈന്യത്തെ നയിച്ച വ്യോമ സൈനികനാണ് മാറ്റിസ്. 1950ല്‍ വാഷിംഗ്ടണ്‍ സ്‌റ്റേറ്റില്‍ ജനിച്ചു. 1972ല്‍ സൈനിക ഓഫീസറായി കമ്മീഷന്‍ ചെയ്യപ്പെട്ടു. 1991ല്‍ യു എസ് ഇറാഖ് യുദ്ധത്തിനിടെ കുവൈത്തിലേക്കുള്ള സംഘത്തെ നയിച്ച് വാര്‍ത്തകളില്‍ ഇടം നേടി. 2001ല്‍ അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യ പിടിച്ചടക്കിയപ്പോള്‍ മുന്‍ നിരയില്‍ നിന്നു. 2003ലെ ഇറാഖ് അധിനിവേശത്തില്‍ മുഖ്യ പങ്കു വഹിച്ചു. 2010- 2013 കാലയളവില്‍ മധ്യപൗരസ്ത്യ ദേശത്തും ദക്ഷിണേഷ്യയിലും നിരവധി സൈനിക നടപടികളില്‍ സെന്‍ട്രല്‍ കമാന്‍ഡിനെ നയിച്ചു. ഇറാഖിലെ ഫല്ലൂജയില്‍ നടത്തിയ മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ആക്രമണങ്ങള്‍ക്ക് പിറകേയാണ് “മാഡ് ഡോഗ്” എന്ന വിളിപ്പേര് വീണത്. അവിവാഹിതനാണ്. കുട്ടികളുമില്ല. അതുകൊണ്ട് സന്യാസിയായ യോദ്ധാവ് എന്നും പേര് വീണു. മുന്‍ സൈനികനെ പ്രതിരോധ സെക്രട്ടറിയാക്കണമെങ്കില്‍ വിരമിച്ച് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് അമേരിക്കയിലെ ചട്ടം. മാറ്റിസിന് വേണ്ടി ഈ ചട്ടം ഭേദഗതി ചെയ്തു ട്രംപ് ഭരണകൂടം. അതാണ് പറഞ്ഞത് മാറ്റിസിനോട് ട്രംപിന് അത്രമേല്‍ പ്രിയമുണ്ടായിരുന്നുവെന്ന്.

ആയുധത്തിന്റെ ഭാഷ മാത്രം വശമുള്ള ജെയിംസ് മാറ്റിസും ട്രംപും വഴിപിരിയുന്നത് പോസിറ്റീവായ ഫലങ്ങളാകും ഉണ്ടാക്കുകയെന്ന് വിലയിരുത്തുന്നവരുണ്ട്. സിറിയയില്‍ നിന്നും അഫ്ഗാനില്‍ നിന്നും യു എസ് സൈന്യത്തെ പിന്‍വലിക്കുന്നത് ശരിയായ ചുവടുവെപ്പായി സമാധാനിക്കുന്നവരുമുണ്ട്. ഇത് ശരിവെക്കും മുമ്പ് സിറിയയിലെയും അഫ്ഗാനിലെയും നിലവിലെ അവസ്ഥ പരിഗണിക്കേണ്ടിയിരിക്കുന്നു. സിറിയന്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത് മുതല്‍ അമേരിക്കന്‍ സൈന്യം അവിടെയുണ്ട്. ബശര്‍ അല്‍ അസദിനെ സംരക്ഷിക്കാന്‍ റഷ്യന്‍ സൈന്യമെത്തുമെന്ന ഘട്ടത്തിലാണ് പരോക്ഷമായി കളത്തിലിറങ്ങാന്‍ ഒബാമ തീരുമാനിച്ചത്. എല്ലാ വിമത ഗ്രൂപ്പുകള്‍ക്കും ആയുധങ്ങള്‍ എത്തിച്ചു നല്‍കി. ഒരു ഘട്ടം പിന്നിടുമ്പോള്‍ നേരിട്ടിറങ്ങുന്ന യു എസിനെയാണ് കണ്ടത്. ഇസില്‍ തീവ്രവാദികളെ തുരത്തുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇസില്‍ തീവ്രവാദികളെ മുന്‍നിര്‍ത്തിയാണ് റഷ്യയും സിറിയയില്‍ സൈന്യത്തെ ഇറക്കിയത്. ഇരുകൂട്ടര്‍ക്കും യഥാര്‍ഥ ലക്ഷ്യം വേറെയായിരുന്നു. റഷ്യക്ക് ബശറിനെ നിലനിര്‍ത്തണം. അമേരിക്കക്ക് ബശറിനെ താഴെയിറക്കണം.

ട്രംപ് വന്നപ്പോള്‍ ഈ നയത്തില്‍ നേരിയ വ്യത്യാസം പ്രകടമായിരുന്നു. ബശര്‍ അല്‍ അസദിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിഹാരത്തിന് ശ്രമിക്കണമെന്ന നിലപാടാണ് ട്രംപ് പ്രഖ്യാപിച്ചത്. അദ്ദേഹം ആത്യന്തികമായി ബിസിനസ്സുകാരനാണല്ലോ. പ്രസിഡന്റിന്റെ കുപ്പായം അഴിച്ചുവെച്ചാലും അദ്ദേഹത്തിന് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലേക്ക് തന്നെയാണ് പോകാനുള്ളത്. റഷ്യയില്‍ അദ്ദേഹത്തിന് നിരവധി റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങളുണ്ട്. വഌദ്മിര്‍ പുടിനുമായി നല്ല സൗഹൃദവും. വിജയശ്രീലാളിതനായ ട്രംപ് ആദ്യം ഫോണില്‍ സംസാരിച്ചത് പുടിനോടാണ്. ബരാക് ഒബാമ തുടര്‍ന്ന റഷ്യന്‍ നയം തൃപ്തികരമായിരുന്നില്ലെന്നും ഇരു രാജ്യങ്ങളും കൈകോര്‍ക്കേണ്ട ഘട്ടമാണിതെന്നും ചര്‍ച്ചക്ക് ശേഷം ട്രംപ് പറഞ്ഞു. ഈ അപൂര്‍വ സൗഹൃദത്തിന്റെ ആദ്യ പ്രതിഫലനമാണ് സിറിയയില്‍ കണ്ടത്. ഇറാനോടുള്ള ശത്രുത തത്കാലം മറന്ന് സിറിയന്‍ നയത്തില്‍ റഷ്യയോട് അടുക്കുകയായിരുന്നു ട്രംപ്. അമേരിക്കയുടെ സുരക്ഷിതത്വം നാറ്റോ സഖ്യസേനയുടെ കെട്ടുറപ്പിലാണെന്ന് ഉറച്ച് വിശ്വസിക്കുന്ന മാറ്റസിന് ഈ നയം മാറ്റം അംഗീകരിക്കാനാകുമായിരുന്നില്ല. നാറ്റോ സഖ്യം തകര്‍ക്കാന്‍ പുടിന്‍ കരുക്കള്‍ നീക്കുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്ന മാറ്റിസിന് ട്രംപിന്റെ പുതിയ സിറിയന്‍ നയം കീഴടങ്ങലായി മാത്രമേ കാണാനാകൂ. സിറിയയില്‍ കൂടുതല്‍ രൂക്ഷമായ സൈനിക നടപടിക്ക് തുനിഞ്ഞിറങ്ങിയ മാറ്റിസിന്റെ ഇച്ഛാഭംഗമാണ് രാജിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

മാറ്റിസിന്റെ രാജിക്ക് പിറകേ അന്തരീക്ഷത്തില്‍ അവശേഷിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതിന് തൊട്ടുമുമ്പ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വിളിച്ചുവെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018 തുര്‍ക്കിയും യു എസും തമ്മിലുള്ള പോര്‍വിളിയുടെ വര്‍ഷമായിരുന്നുവെന്നോര്‍ക്കണം. തുര്‍ക്കി തടഞ്ഞുവെച്ച ക്രിസ്ത്യന്‍ മിഷണറിയെ ചൊല്ലിയായിരുന്നു പ്രധാനമായും തര്‍ക്കം. വ്യാപാര, കറന്‍സി യുദ്ധത്തിലേക്ക് വരെ വാക്കേറ്റം വളര്‍ന്നു. തുര്‍ക്കിയുടെ കറന്‍സിയായ ലിറ കൂപ്പുകുത്തി. ഉര്‍ദുഗാനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മിഷണറിക്കെതിരായ കുറ്റം. ഒടുവില്‍ തുര്‍ക്കി അയഞ്ഞു. പാതിരിയെ അമേരിക്കയിലേക്ക് തിരിച്ചയച്ചു. സിറിയയിലെ തുര്‍ക്കിയുടെ താത്പര്യങ്ങളായിരുന്നു ഈ തിരിച്ചയക്കലിന് പിന്നിലെന്ന് ഇന്ന് വ്യക്തമാകുകയാണ്.

എന്താണ് ആ താത്പര്യം? കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയയിലെ വിമത സൈന്യമാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ് ഡി എഫ്). ഇസിലിനെ തുരത്താനെന്ന പേരില്‍ അമേരിക്കയും റഷ്യയും എസ് ഡി എഫിനെ സഹായിക്കുന്നുണ്ട്. തുര്‍ക്കിയാകട്ടെ കുര്‍ദുകളെ സുരക്ഷാ പ്രശ്‌നമായാണ് കാണുന്നത്. കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയെന്ന സായുധ ഗ്രൂപ്പ് തുര്‍ക്കിയില്‍ നടത്തുന്ന ആക്രമണങ്ങളും പ്രത്യേക കുര്‍ദ് സ്വയംഭരണ മേഖലക്കായുള്ള സായുധ പോരാട്ടവുമാണ് തുര്‍ക്കിയെ ഭീതിപ്പെടുത്തുന്നത്. അമേരിക്കയും റഷ്യയും കൈയൊഴിഞ്ഞാല്‍ കുര്‍ദുകള്‍ക്കെതിരായ സൈനിക നടപടി ശക്തമാക്കാന്‍ തുര്‍ക്കിക്ക് സാധിക്കും. ഇത് മുന്നില്‍ കണ്ടാണ് ട്രംപിനോട് ഉര്‍ദുഗാന്‍ ഈ ചോദ്യം ചോദിച്ചത്: “ഇസില്‍ സംഘം 99 ശതമാനവും തകര്‍ന്നിരിക്കുന്നു. ഇനിയുമെന്തിനാണ് യു എസ് സൈന്യം സിറിയയില്‍ തങ്ങുന്നത്?” ഇതേ ചോദ്യം റഷ്യയും ചോദിക്കുന്നുണ്ട്. യു എസ് സൈനികരെ അന്യനാടുകളില്‍ അയക്കുന്നതിനെ തുടക്കം മുതലേ എതിര്‍ക്കുന്ന ട്രംപ് ഈ ചോദ്യങ്ങള്‍ തന്റെ ഉപദേശകര്‍ക്ക് മുമ്പില്‍ വെക്കുന്നതോടെയാണ് പുതിയ സിറിയന്‍ നയം പിറക്കുന്നത്. സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ എതിര്‍ത്തു. ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും അതൃപ്തി പ്രകടിപ്പിച്ചു. ഒന്നും ചെവി കൊള്ളാന്‍ ട്രംപ് കൂട്ടാക്കിയില്ല. “അങ്ങയുടെ നയത്തിന് പറ്റിയ ഒരാളെ കണ്ടെത്തിക്കോളൂ” എന്ന് എഴുതിക്കൊടുത്ത് മാറ്റിസ് വൈറ്റ്ഹൗസ് ഹാള്‍ വിടുന്നത് ഈ ഘട്ടത്തിലാണ്.

ഇവിടെ ട്രംപ് എത്രമാത്രം ശരിയാണ്? സിറിയയില്‍ നിന്നും അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങുന്നത് എന്ത് ഫലമാണ് ഉണ്ടാക്കുക? വേള്‍ഡ് ട്രേഡ് സെന്റര്‍ പതനത്തിന് ശേഷം 17 കൊല്ലമായി അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യമുണ്ട്. ഇപ്പോള്‍ സൈനിക സാന്നിധ്യം പകുതിയായി കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എവിടെയൊക്കെ അമേരിക്ക ഇടപെട്ടിട്ടുണ്ടോ അവിടെയൊക്കെ ആഭ്യന്തര ഭരണ സംവിധാനം ശിഥിലമാക്കുകയാണ് ചെയ്തത്. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഭരിക്കുന്ന പാവ സര്‍ക്കാറുകളെ അവരോധിച്ചു. പൊയ്ക്കാലില്‍ നിന്ന് ഉയരം അനുഭവിച്ച ഈ രാജ്യങ്ങള്‍ക്കെല്ലാം സ്വന്തം കാലില്‍ നില്‍ക്കുകയെന്ന ജൈവിക ശേഷി നഷ്ടപ്പെടുകയാണുണ്ടായത്. അഥവാ അമേരിക്കന്‍ അധിനിവേശം അതിന്റെ ശിഥിലീകരണ ദൗത്യം ഭംഗിയായി നിര്‍വഹിച്ച ശേഷമാണ് പിന്‍വാങ്ങുന്നത്. 15 വര്‍ഷമായി അധിനിവേശം തുടരുന്ന ഇറാഖിലേക്ക് നോക്കിയാല്‍ ഇത് വ്യക്തമാകും. ഇപ്പോള്‍ തിരക്കിട്ട് പിന്‍വാങ്ങുന്ന അമേരിക്ക ഈ രാജ്യങ്ങളെ ആത്യന്തികമായ തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കിയുടെ കുര്‍ദ് വേട്ടയാകും പിന്‍മാറ്റത്തിന്റെ അടിയന്തര ഫലം. ബശര്‍ അല്‍ അസദ് സ്വന്തം ജനതക്ക് മേല്‍ കൂടുതല്‍ ക്രൗര്യത്തോടെ സൈനിക ബലം പ്രയോഗിക്കും. ഏകപക്ഷീയമായ അധികാര പ്രയോഗം സിറിയയില്‍ ഭീകരമായ ശാന്തത കൊണ്ടുവന്നേക്കാം. പക്ഷേ, സിറിയന്‍ ജനത ആഗ്രഹിക്കുന്ന ഒന്നായിരിക്കല്ല അത്. ഇസില്‍ തീവ്രവാദികള്‍ റീഗ്രൂപ്പ് ചെയ്‌തേക്കാം. “നമ്മുടെ സൈനികര്‍ വീട്ടില്‍ തിരിച്ചെത്തട്ടെയെ”ന്ന ട്രംപിന്റെ നയം ഉത്കൃഷ്ട മാനവികതയുടെ ഉത്തമ നിദര്‍ശനമൊന്നുമല്ല. തന്റെ ഇടുങ്ങിയ ദേശീയതയുടെ പ്രകടനം മാത്രമാണത്. അതുകൊണ്ട് ഏത് നിമിഷവും ഉഗ്രരൂപം പ്രാപിക്കേണ്ട അക്രമോത്സുകതയുടെ അനിവാര്യമായ ശാന്തതയാണ് ഇപ്പോള്‍ കാണുന്നത്. “ഭ്രാന്തന്‍ നായ” വൈറ്റ്ഹൗസില്‍ തിരിച്ചെത്തില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്