National
'സുഹ്‌റാബുദ്ദീന്‍, കൗസര്‍ ബി, ജസ്റ്റിസ് ലോയ, ആരും കൊല്ലപ്പെട്ടതല്ല, അവര്‍ വെറുതെ മരിച്ചു പോയി'; ദുരൂഹമരങ്ങളില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
 
		
      																					
              
              
            ന്യൂഡല്‍ഹി: സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ ബി, തുളസിറാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 22 പ്രതികളെയും വെറുതെ വിട്ട പശ്ചാത്തലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഹരണ്‍ പാണ്ഡ്യ, തുല്‍സി റാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തൊബ്രെ, ശ്രീകാന്ത് ഖണ്ഡാല്‍ക്കര്‍, കൗസര്‍ബി, സുഹ്‌റാബുദ്ദീന്‍ ശൈഖ് എന്നിവരൊക്കെ വെറുതെ മരിച്ചു പോയതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ദുരൂഹമരങ്ങളില്‍ ദൃക്‌സാക്ഷികളും സാക്ഷികളും ഉള്‍പ്പെടെ കൂറുമാറി പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ പ്രതികരണം.
NO ONE KILLED…
Haren Pandya.
Tulsiram Prajapati.
Justice Loya.
Prakash Thombre.
Shrikant Khandalkar.
Kauser Bi.
Sohrabuddin Shiekh.
THEY JUST DIED.
— Rahul Gandhi (@RahulGandhi) December 22, 2018
ഇന്നലെയാണ്, സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ ബി, തുളസിറാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് ജെ ശര്‍മ കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറഞ്ഞത്. കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ 21 പേര്‍ ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് പോലീസില്‍ നിന്ന് വിരമിച്ചവരോ സര്‍വീസിലുള്ളവരോ ആണ്. സുഹ്‌റാബുദ്ദീനെയും കൗസര്‍ ബിയെയും അനധികൃതമായി തടവില്‍ പാര്‍പ്പിച്ച ഗുജറാത്തിലെ ഫാം ഹൗസ് ഉടമയാണ് മറ്റൊരു പ്രതി.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 210 സാക്ഷികളില്‍ ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 92 പേര്‍ കൂറുമാറിയിരുന്നു. ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള ബസ് യാത്രക്കിടെ 2005 നവംബര്‍ 23നാണ് സുഹ്‌റാബുദ്ദീന്‍ ശൈഖ്, കൗസര്‍ ബി, തുളസിറാം പ്രജാപതി എന്നിവരെ പോലീസ് തട്ടിക്കൊണ്ടു പോകുന്നത്. സുഹ്‌റാബുദ്ദീനെയും ഭാര്യയെയും ഗുജറാത്തിലേക്ക് കൊണ്ടുപോയി. പ്രജാപതിയെ രാജസ്ഥാനിലെ ഭില്‍വാടയില്‍ നിന്ന് അറസ്റ്റ് ചെയ്തതായാണ് രേഖകളിലുള്ളത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനുള്ള ശ്രമത്തിനിടെ സുഹ്‌റാബുദ്ദീനെ നവംബര്‍ 26ന് അഹമ്മദാബാദിന് സമീപത്ത് വെച്ച് ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്നാണ് പോലീസിന്റെ വാദം. മൂന്ന് ദിവസത്തിന് ശേഷം കൗസര്‍ ബിയും കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം നശിപ്പിച്ചുകളഞ്ഞു. 2007 ഡിസംബറിലാണ് തുളസിറാം പ്രജാപതി ഗുജറാത്ത്- രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സുഹ്‌റാബുദ്ദീനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ദൃക്‌സാക്ഷിയായിരുന്നു പ്രജാപതിയെന്ന് കണ്ടെത്തിയിരുന്നു. ഗുജറാത്ത് സി ഐ ഡി അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് വ്യക്തമാക്കിയിരുന്നു. സ്വതന്ത്രമായ വിചാരണാ നടപടികള്‍ക്കായാണ് കേസ് മുംബൈയിലേക്ക് മാറ്റിയത്. ബി ജെ പി ദേശീയ അധ്യക്ഷനായ അമിത് ഷാ, ഗുജറാത്തിലെയും രാജസ്ഥാനിലെയും ഐ പി എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 38 പേരാണ് വിചാരണ നേരിട്ടത്. അമിത് ഷാ ഉള്‍പ്പെടെ പതിനാറ് പേരെ നേരത്തേ കുറ്റവിമുക്തരാക്കി. ശേഷിക്കുന്ന പ്രതികളെയാണ് ഇന്നലെ കുറ്റവിമുക്തരാക്കിയത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
