Connect with us

National

രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് അല്‍ക്ക ലാംബ

Published

|

Last Updated

ന്യൂഡല്‍ഹി: താന്‍ രാജിവെക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ അല്‍ക്ക ലാംബ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അവര്‍. സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരതരത്‌ന ബഹുമതി തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ പിന്തുണക്കാത്തതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അല്‍ക്കാ ലാംബയോട് രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, അല്‍ക്ക ലാംബയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ എഎപി നേതൃത്വം തള്ളി. ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കുപ്രചാരണങ്ങളാണ് നടക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.

സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ രാജീവ് ഗാന്ധി പരാജയപ്പെട്ടതിനാല്‍ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന പ്രമേയം വെള്ളിയാഴ്ചയാണ് ഡല്‍ഹി നിയമസഭ പാസാക്കിയത്. പ്രമേയം പാസാക്കിയ യോഗത്തില്‍നിന്നും അല്‍ക്ക ലാംബ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. പ്രമേയത്തെ പിന്താങ്ങാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നു. പ്രമേയത്തെ എതിര്‍ത്തതിന്റെ പേരില്‍ എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണെന്ന് അല്‍ക്ക ലാംബ പ്രതികരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അല്‍ക്ക ലാംബ 2014ലാണ് കോണ്‍ഗ്രസ് വിട്ട് എഎപിയിലെത്തുന്നത്. നിലവില്‍ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ എംഎല്‍എയാണ്.

Latest