Connect with us

Gulf

ഡോ. റാശിദ് അൽലീമിനെ സിറാജ് ആദരിച്ചു

Published

|

Last Updated

ഷാർജ: സുസ്ഥിര വികസന മാതൃകകൾ സൃഷ്ടിക്കുകയും സമൂഹത്തിന് സ്തുത്യർഹമായ സേവനം കാഴ്ച വെച്ചതിനുമുള്ള അംഗീകാരമായി ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാനും അൽ ലീം നോളജ് സെന്റർ സ്ഥാപകനുമായ ഡോ. റാശിദ് അൽ ലീമിനെ സിറാജ് ദിനപത്രം “അംബാസഡർ ഓഫ് ഗ്രീൻ എർത്ത്” അവാർഡ് നൽകി ആദരിച്ചു.
ഷാർജ എക്‌സ്‌പോ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഡോ. അൽ ലീം ആദരവും അംഗീകാരപത്രവും പ്രമുഖ പണ്ഡിതനും കേരളത്തിലെ മത സാംസ്‌കാരിക രംഗത്തെ ഉന്നത വ്യക്തിത്വവുമായ പേരോട് അബ്ദുർറഹ്മാൻ സഖാഫിയിൽ നിന്ന് ഏറ്റുവാങ്ങി. ഐ സി എഫ് നാഷനൽ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, സിറാജ് ഗൾഫ് ജനറൽ മാനേജർ ശരീഫ് കാരശ്ശേരി സംബന്ധിച്ചു.

മനുഷ്യൻ ജീവിതത്തിൽ അടയാളപ്പെടുത്തലുകൾ നടത്തിയാവണം പ്രവർത്തിക്കേണ്ടതെന്ന് ഡോ. റാശിദ് അൽ ലീം പറഞ്ഞു. മികച്ച സന്ദേശങ്ങൾ ഉള്ളവനാകണം അവർ. മുന്നോട്ടു പോകുന്നതിന് വ്യക്തമായ കാഴ്ചപ്പാട് വേണം. കാഴ്ചപ്പാടുകൾ നിറവേറ്റുന്നതിനുള്ള അശ്രാന്ത പരിശ്രമം ഉണ്ടാകണം. എന്റെ ഓർമകൾ നിലനിൽക്കണമെന്ന് പ്രവാചകനായ ഇബ്‌റാഹീം നബി (അ) പ്രാർഥിക്കുകയും അതിനായി യത്‌നിക്കുകയും ചെയ്തപ്പോൾ അന്ത്യനാൾ വരെയുള്ള സമൂഹം അവരെ സ്മരിച്ചുകൊണ്ടിരിക്കുന്നു. അതേരീതിയിൽ മികച്ച മാതൃക സൃഷ്ടിച്ചുകൊണ്ടാണ് യശശ്ശരീരനായ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ ജീവിതം ജനങ്ങൾക്ക് സമർപിച്ചത്.
അതിനാൽ തന്നെ ലോകം അദ്ദേഹത്തെ ഓർത്തുകൊണ്ടിരിക്കുന്നു. സായിദ് വർഷത്തിന് തുടർച്ചയായി സഹിഷ്ണുതാ വർഷാചരണം നടക്കുമ്പോഴും ശൈഖ് സായിദിന്റെ സ്മരണകളും സന്ദേശവും ഏറെ ചർച്ച ചെയ്യപ്പെടും.

ദൈവത്തിന്റെ സ്വന്തം നാടെന്ന് നിങ്ങൾ വിളിക്കുന്ന കേരളം എന്റെ രണ്ടാം വീടാണെന്ന് പറയാനാണ് എനിക്കിഷ്ടം. വിദേശീ സമൂഹത്തിന്റെ ഇത്തരം സ്‌നേഹപ്രകടനത്തിലും പങ്കുചേരലിലും ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
ജി സി സിയിലെ ഏറെ സ്വാധീനിപ്പിക്കുന്ന സി ഇ ഒമാരിൽ മൂന്നാം സ്ഥാനവും മിഡിലീസ്റ്റിലെ സ്വാധീനിക്കുന്ന നൂറു സി ഇ ഒമാരിലും ഉൾപെടുന്ന അദ്ദേഹം എഴുത്തും പ്രകൃതിസ്‌നേഹവും ജീവിതവ്രതമായി കൊണ്ടുനടക്കുന്ന ശ്രദ്ധേയ വ്യക്തിത്വമാണ്. ആഗോള പ്രശസ്തമായ നിരവധി യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള നിരവധി ഡോക്ടറേറ്റുകൾ, വിവിധ അക്കാഡമിക് സംരംഭതലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ നേടിയ അദ്ദേഹം യു എ ഇയുടെ നോളജ് അംബാസഡറായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തിരഞ്ഞെടുത്തിരുന്നു.

യു എ ഇയിലെ ബൗദ്ധിക മേഖലക്ക് നിസ്തുല സംഭാവന നൽകുന്ന ഡോ. റാശിദ് അൽലീമിനെ ആദരിക്കുന്നതിൽ സന്തുഷ്ടിയുണ്ടെന്ന് സിറാജ് ഗൾഫ് ജനറൽ മാനേജർ ശരീഫ് കാരശ്ശേരി പറഞ്ഞു.

---- facebook comment plugin here -----

Latest