അഞ്ച് കേരള താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യര്‍: ഡേവ് വാട്ട്‌മോര്‍

Posted on: December 21, 2018 4:03 pm | Last updated: December 21, 2018 at 4:03 pm

ദുബൈ: കേരള ക്രിക്കറ്റ് ടീമിലെ അഞ്ചോളം താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കാന്‍ യോഗ്യരാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കേരള ക്രിക്കറ്റ് ടീം കോച്ചുമായ ഡേവ് വാട്ട്‌മോര്‍ പറഞ്ഞു.
കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. സഞ്ജു സാംസണ്‍, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, ജലജ് സക്‌സേന തുടങ്ങിയവര്‍ ഇന്ത്യയുടെ ദേശീയടീമില്‍ കളിക്കാന്‍തക്ക മികവുള്ളവരാണ്. സഞ്ജു സാംസന്‍ കളിമികവ് തുടര്‍ന്നാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനാകും.- അദ്ദേഹം വ്യക്തമാക്കി.

കളിക്കിടെയുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ അതിരുവിടാതിരിക്കാന്‍ കളിക്കാര്‍ ശ്രദ്ധിക്കണമെന്നും എന്നാല്‍, ആവേശത്തിന്റെ ഭാഗമായി വെല്ലുവിളികള്‍ മുഴക്കുന്നത് കളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ താരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.