Connect with us

Gulf

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 100 കോടി യാത്രക്കാര്‍

Published

|

Last Updated

100 കോടി യാത്രക്കാര്‍ തികഞ്ഞതില്‍ ദുബൈ വിമാനത്താവളത്തില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഘോഷം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 100 കോടി യാത്രക്കാര്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ഒരു ബില്യണ്‍ യാത്രക്കാര്‍ കടന്നതിന്റെ ആഘോഷം കഴിഞ്ഞ ദിവസം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു. കഴിഞ്ഞ ദിവസത്തെ ആഘോഷത്തെ കുറിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചിത്ര സഹിതം ട്വീറ്റ് ചെയ്തു.

വിമാനത്താവളം 100 കോടി യാത്രക്കാരെ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന വീഥിയില്‍ പ്രത്യേകമായ ഒരു നാഴികക്കല്ലാണിത്. ലോകത്തിന്റെ ആശ്രയമായി മാറുന്ന വിമാനത്താവളത്തിന് മനോഹരമായ ഭാവിയൊരുക്കാന്‍ കൂടുതല്‍ മികച്ചസേവനങ്ങള്‍ തയ്യാറാക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

1960, സെപ്തംബര്‍ 30ന് പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തില്‍ ഒരു ബില്യണ്‍ യാത്രക്കാര്‍ കടന്ന് പോകുന്ന പാകത്തില്‍ വിമാനത്താവളത്തെ ലോകത്തെ ഏറ്റവും മനോഹരവും മികച്ചതുമായ ഒന്നാക്കി മാറ്റിയെടുക്കുന്നതിന് പ്രയത്‌നിച്ച ദുബൈ എയര്‍പോര്‍ട് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിനും ജീവനക്കാര്‍ക്കും പ്രത്യേകമായി ശൈഖ് മുഹമ്മദ് കൃതജ്ഞത രേഖപ്പെടുത്തി.

ഒര്‍ലാന്‍ഡോയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ അര്‍ജുന്‍ എന്ന ഒമ്പത്കാരനെ സ്വീകരിച്ചാണ് വിമാനത്താവളം 100 കോടി യാത്രക്കാര്‍ എന്നതിന്റെ ആഘോഷം ആരംഭിച്ചത്. ശൈഖ് അഹ്മദാണ് അര്‍ജുനിനെയും കുടുംബത്തെയും സ്വീകരിച്ചത്.

Latest