സിസ്റ്റര്‍ അമല വധം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Posted on: December 21, 2018 1:32 pm | Last updated: December 21, 2018 at 6:40 pm

കോട്ടയം: പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസില്‍ പ്രതി കാസര്‍കോട് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി തടവ് അനുഭവിക്കണം. മാനഭംഗക്കേസില്‍ 10 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി തടവ് അനുഭവിക്കണം. പാലാ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്.

നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സതീഷ് ബാബു.2015 സെപ്റ്റംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഠത്തില്‍ അതിക്രമിച്ചുകയറിയ പ്രതി സിസ്റ്റര്‍ അമലയെ തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2015ല്‍ ഭരണങ്ങാനം അസീസി സ്‌നേഹഭവനില്‍ മോഷണം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സതീഷ് ബാബു ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചുവരികയാണ്.