ഗൂഗിള്‍ മാപ്പില്‍ ഇനി ഓട്ടോറിക്ഷ പോകുന്ന വഴിയും, ഓട്ടോ ചാര്‍ജും അറിയാം

Posted on: December 21, 2018 11:06 am | Last updated: December 21, 2018 at 11:14 am

പരിചയമില്ലാത്ത സ്ഥലങ്ങളില്‍ യാത്രചെയ്യാന്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നവരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിക്കാറുണ്ട്. പരാതിക്ക് പരിഹാരമായി ഗൂഗിള്‍ മാപ്പിലൂടെ ഇനി ഓട്ടോറിക്ഷ പോകുന്ന വഴിയും യാത്രയ്ക്ക് ആവശ്യമായ തുകയും അറിയാന്‍ കഴിയും. ഗൂഗിള്‍മാപ്പില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മോഡിന് കീഴിലാണ് ഓട്ടോറിക്ഷകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ ഓട്ടോറിക്ഷാ റൂട്ടുകളും ചാര്‍ജ്ജ് വിവരങ്ങളുമാണ് ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ട്രാഫിക് പോലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ആയിരിക്കും ആപ്പില്‍ നല്‍കുന്നത്.

ഓട്ടോയാത്രക്ക് ഏറ്റവും നല്ല വഴിയേതാണെന്നും ഗൂഗിള്‍ മാപ്പ് പറഞ്ഞു തരുന്നതിനാല്‍ പരിചയമില്ലാത്ത നാടുകളിലെ ചുറ്റിക്കറക്കവും ഇനി വേണ്ട. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മെനുവിലെ ഓട്ടോറിക്ഷയുടെ ചിത്രത്തില്‍ ടച്ച് ചെയ്ത് യാത്ര ചെയ്യേണ്ട സ്ഥലം നല്‍കിയാല്‍ മതി. നാവിഗേറ്റ് നല്‍കിയാല്‍ ഗൂഗിള്‍ വഴി പറഞ്ഞു തരും. പ്രധാന നഗരങ്ങളിലെ ബസ്, ട്രെയിന്‍ യാത്രാ റൂട്ടുകള്‍ നേരത്തെ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്.