സദാചാര പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ അപമാനിച്ച സംഭവം; നാലുപേര്‍ കസ്റ്റഡിയില്‍

Posted on: December 20, 2018 9:19 pm | Last updated: December 20, 2018 at 10:26 pm

കണ്ണമംഗലം: മലപ്പുറം വേങ്ങരയിലെ കിളിനക്കോട്ട് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളെ സദാചാര പോലീസ് ചമഞ്ഞ് അപമാനിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലീഗ് നേതാവ് ഷംസു പുള്ളാട്ട് അടക്കം ആറു പ്രതികള്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പടെ ഐ പി സിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം വേങ്ങര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ ഇതര മതസ്ഥര്‍ക്കൊപ്പം സെല്‍ഫിയെടുത്തതിനെതിരെയാണ് അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളുണ്ടായത്. സാമൂഹിക മാധ്യമങ്ങളില്‍ തങ്ങള്‍ പോസ്റ്റ് ചെയ്ത ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്കു മറുപടിയായി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘം പ്രത്യക്ഷപ്പെട്ടുവെന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഷംസു പുള്ളാട്ട് സാമൂഹിക മാധ്യമത്തിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു.