Connect with us

National

ബുലന്ദ്ശഹര്‍: മുസ്‌ലിം യുവാക്കള്‍ നിരപരാധികളെന്ന് പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത നാല് മുസലിം യുവാക്കള്‍ നിരപരാധികളാണെന്ന് പോലീസ്. ഇവര്‍ക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ബുലന്ദ്ശഹര്‍ കലാപത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി, പശുവിനെ കാശാപ്പ് ചെയ്‌തെന്നാരോപിച്ച് ശറഫുദ്ദീന്‍, സാജിദ് അലി, ബെന്നെ ഖാന്‍, ആസിഫ് എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. പതിനേഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ വിട്ടയക്കാന്‍ പോലീസ് തീരുമാനിച്ചത്.

കലാപത്തിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാല് മുസ്‌ലിം യു വാക്കളെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. നിഷ്പക്ഷ അന്വേഷണമാണ് നടത്തുന്നതെന്നും യുവാക്കള്‍ക്കെതിരെ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് വിട്ടയക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പശുവിനെ കശാപ്പ് ചെയ്ത് വിതരണം ചെയ്‌തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നദീം, റഹീസ്, കല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ ആസൂത്രിതമായി ഉണ്ടാക്കിയതാണ് കലാപമെന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാന ഡി ജി പി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം, ബുലന്ദ്ശഹറില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു.

ഈ മാസം മൂന്നിനാണ് ബുലന്ദ്ശഹറില്‍ പശുവിനെ അറുത്തെന്നാരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കലാപം നടത്തിയതും പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതും. പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചത് സൈനികനാണെന്ന് കണ്ടെത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിനിടെ പ്രദേശവാസിയായ യുവാവും കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്ക് രക്തസാക്ഷിത്വ പദവി വേണമെന്നും സുബോധ് സിംഗിനു നല്‍കുന്ന അതേ തുക നഷ്ടപരിഹാരമായി വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു.

അതിനിടെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് മുന്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ തുറന്ന കത്തെഴുതി. ബുലന്ദ്ശഹര്‍ കലാപം ചൂണ്ടികാണിച്ചാണ് വിരമിച്ച ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. അക്രമത്തിന് പ്രേരണ നല്‍കിയത് വഴി സംസ്ഥാനത്തെ ജനാധിപത്യ മൂല്യങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ജനങ്ങളില്‍ മതഭ്രാന്ത് നിറച്ച് മുഖ്യ പുരോഹിതനെപ്പോലെയാണ് ആദിത്യനാഥ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റെന്തിനേക്കാള്‍ പ്രാധാന്യം മതത്തിന് നല്‍കുന്നുവെന്നും തുറന്ന കത്തില്‍ അവര്‍ കുറ്റപ്പെടുത്തുന്നു.