ജി എസ് ടി മധുരം; ജനപ്രിയ നീക്കവുമായി കേന്ദ്രം

Posted on: December 20, 2018 9:39 am | Last updated: December 20, 2018 at 2:54 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പദ്ധതികളിലേക്ക് കേന്ദ്രം നീങ്ങുന്നു. ഇതിന്റെ ഭാഗമായി ജി എസ് ടിയില്‍ കാര്യമായ ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ ഹൗസിംഗ് മേഖലയില്‍ ജി എസ് ടി കുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എ സി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിം തുടങ്ങിയവയുടെ നികുതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിലവില്‍ ഇവയുടെ നികുതി നിരക്ക് 28 ശതമാനമാണ്. ഇത് 18 ശതമാനമോ അതില്‍ താഴെയോ ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. മിക്ക ഉത്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്.

99 ശതമാനം വസ്തുക്കളുടെയും നികുതി നിരക്ക് പരമാവധി 18 ശതമാനത്തില്‍ പരിമിതപ്പെടുത്തുമെന്ന് ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത ജി എസ് ടി യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത ശനിയാഴ്ച നടക്കുന്ന ജി എസ് ടി കൗണ്‍സിലില്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വാട്ടര്‍ ഹീറ്റര്‍, പെയിന്റുകള്‍, പെര്‍ഫ്യൂമുകള്‍, ട്രാക്ടറുകള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍, വാക്വം ക്ലീനറുകള്‍, ഹെയര്‍ ക്ലിപ്പുകള്‍, ഷേവറുകള്‍, സിമന്റ്, പുട്ടി, വാര്‍ണിഷ്, മാര്‍ബിള്‍ തുടങ്ങിയവക്കും വില കുറയുമെന്നാണ് വിവരം. പരമാവധി ഉത്പന്നങ്ങളെ ഭാവിയില്‍ 18 ശതമാനം നികുതി നിരക്കില്‍ എത്തിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും പറഞ്ഞിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ജനപ്രിയ തീരുമാനങ്ങളിലേക്ക് നീങ്ങുന്നത്. ഹിന്ദുത്വ നയങ്ങള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിന് പര്യാപ്തമല്ലെന്ന തിരിച്ചറിവ് ബി ജെ പിയില്‍ ശക്തമാണ്. കര്‍ഷക ക്ഷേമ പദ്ധതികളും കടാശ്വാസവും പ്രധാന വിഷയമായി ഉയര്‍ത്തുന്ന കോണ്‍ഗ്രസിന്റെ നീക്കവും ബി ജെ പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരണം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക കടം എഴുതിത്തള്ളാന്‍ അതതിടങ്ങളിലെ സര്‍ക്കാറുകള്‍ തീരുമാനിച്ചിരുന്നു. ഇതിന് പിറകേ ബി ജെ പി ഭരണകക്ഷിയായ അസാമിലും കടാശ്വാസം പ്രഖ്യാപിച്ചു. ഗുജറാത്തില്‍ വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്തു. സംസ്ഥാനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു, ഇനിയെങ്കിലും കേന്ദ്രം ഉണരണമെന്നായിരുന്നു രാഹുല്‍ ഇതിനോട് പ്രതികരിച്ചത്.