Connect with us

National

വാക്ക് പാലിച്ച് രാഹുലും കോണ്‍ഗ്രസും; രാജസ്ഥാനിലും കാര്‍ഷിക കടം എഴുതിത്തള്ളി

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും കാര്‍ഷിക കടം എഴുതിത്തള്ളി. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. കടം എഴുതിത്തള്ളിയാല്‍ സര്‍ക്കാരിന് 18,000 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനമായിരുന്നു കാര്‍ഷിക കടം എഴുതിത്തള്ളല്‍. അധികാരമേറ്റ ആദ്യ 10 ദിവസത്തിനുള്ളില്‍ കടം എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കര്‍ഷകരെ രക്ഷിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പതിനഞ്ച് വര്‍ഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ച് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് ശക്തി പകര്‍ന്ന പ്രധാന ഘടകം കര്‍ഷക രോഷമായിരുന്നു. ഗ്രാമ പ്രദേശങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്.

Latest