ഗുജറാത്ത്, അസം ബി ജെ പി സര്‍ക്കാറുകള്‍ ഉണര്‍ന്നു; ഇനിയും ഉണരാത്തത് പ്രധാന മന്ത്രി- രാഹുല്‍

Posted on: December 19, 2018 5:26 pm | Last updated: December 19, 2018 at 6:38 pm

ന്യൂഡല്‍ഹി: ഗുജറാത്തിലെയും അസമിലെയും
ബി ജെ പി സര്‍ക്കാറുകളെ ഗാഢ നിദ്രയില്‍ നിന്നുണര്‍ത്താന്‍ കോണ്‍ഗ്രസിനായെന്ന് ട്വിറ്ററില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോഴും ഉറക്കത്തിലാണ്. അദ്ദേഹത്തെയും ഉണര്‍ത്താന്‍ ശ്രമിക്കും. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കൈക്കൊണ്ട നടപടികളെ പിന്തുടര്‍ന്ന് ഗുജറാത്തിലും അസമിലും ബി ജെ പി സര്‍ക്കാറുകള്‍ സമാന നടപടികളെടുത്തതിനെ പരാമര്‍ശിക്കുകയായിരുന്നു രാഹുല്‍.

ഗുജറാത്തിലെ 600 കോടിയിലധികം വരുന്ന വൈദ്യുതി ബില്‍ കുടിശ്ശികകള്‍ എഴുതിത്തള്ളുമെന്ന് കഴിഞ്ഞ ദിവസം വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. അസം സംസ്ഥാന സര്‍ക്കാറും
600 കോടിയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുകയുണ്ടായി.

രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാനും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും തയാറാകാതെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന തന്റെ നിലപാട് രാഹുല്‍ ട്വിറ്ററില്‍ ആവര്‍ത്തിച്ചു.